അമേരിക്കയിൽ നിന്നും മുഖ്യമന്ത്രിയും സംഘവും ക്യൂബയിലേക്ക് പുറപ്പെട്ടു

single-img
14 June 2023

യുഎസിലെ ന്യൂയോര്‍ക്കിൽ നടന്ന ലോക കേരളസഭയുടെ അമേരിക്കന്‍ മേഖല സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രിയും സംഘവും ക്യൂബയിലേക്ക് പുറപ്പെട്ടു. മുഖ്യമന്ത്രിയെയും സംഘത്തെയും ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ രണ്‍ധിര്‍ ജയ്‌സ്വാള്‍ യാത്രയയച്ചു. നാളെയും മറ്റന്നാളും ഹവാനയിലെ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

അവിടെയുള്ള വിവിധ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ജോസ് മാര്‍ട്ടി ദേശീയ സ്മാരകമടക്കം ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിക്കും. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, വീണ ജോര്‍ജ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി.പി ജോയ്, സംസ്ഥാന സര്‍ക്കാരിന്റെ ന്യൂഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി. എം മുഹമ്മദ് ഹനീഷ്, ക്യൂബയിലെ ഇന്ത്യന്‍ അംബാസിഡര്‍ എസ് ജാനകി രാമന്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കും.

അമേരിക്ക, ക്യൂബ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനായി ഈ മാസം എട്ടാം തീയതിയാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും പുറപ്പെട്ടത്. ലോക കേരളസഭയുടെ പൊതുസമ്മളനത്തില്‍ ഉൾപ്പെടെ പങ്കെടുത്ത മുഖ്യമന്ത്രി വിവാദങ്ങളില്‍ അടക്കം പ്രതികരിച്ചിരുന്നു. ലോക കേരളസഭ പ്രവര്‍ത്തിക്കുന്നത് സുതാര്യമായാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ചില മാധ്യമങ്ങള്‍ മനപൂര്‍വം വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞിരുന്നു.