കോടിയേരിയുടെ വേർപാട്; ഓർമ്മകൾക്ക് മുൻപിൽ തൊണ്ടയിടറി വാക്കുകള്‍ മുഴുമിപ്പിക്കാനാകാതെ മുഖ്യമന്ത്രി


കണ്ണൂർ പയ്യാമ്പലത്തെ ചരിത്രമുറങ്ങുന്ന ചുവന്ന മണ്ണിൽ കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങിന് ശേഷം നടന്ന അനുശോചന യോഗത്തില്‍ തൊണ്ടയിടറി വാക്കുകള്‍ മുഴുമിപ്പിക്കാനാകാതെ മുഖ്യമന്ത്രി പിണറായി വിജയന്‍.
തന്റെ സംഭാഷണത്തിനിടയിൽ വാക്കുകള്‍ ഇടറിയപ്പോള്‍ പ്രസംഗം പാതി വഴിയില്‍ നിർത്തി അദ്ദേഹം സീറ്റിലേക്ക് മടങ്ങുകയായിരുന്നു. സംസാരം ആരംഭിച്ചപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ മുറിയുന്നുണ്ടായിരുന്നു.
പെട്ടെന്നൊരു ദിവസം അദ്ദേഹം ഇല്ലാതാവുന്നുവെന്നത് വലിയ വേദനയാണ് നമ്മുടെ നാടിന്റെ നാനാഭാഗത്തുള്ള ജനങ്ങള്‍ക്കും ഉണ്ടാക്കിയത്. അവരെല്ലാം അദ്ദേഹത്തെ കാണാന്‍ ഓടിയെത്തി. ആ വികാരവായ്പ് ഞങ്ങളെയെല്ലാം വികാരത്തിലാക്കിയെന്ന് പിണറായി പറഞ്ഞു.
‘ഏതൊരു നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കാറാണ് പതിവ്. പക്ഷെ ഇവിടെ വിയോഗം പെട്ടെന്ന് പരിഹരിക്കാനാകുന്നതല്ല, ഞങ്ങളത് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നികത്താനാണ് ശ്രമിക്കുക. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ……. അവസാനിപ്പിക്കുന്നു,’- മുഖ്യമന്ത്രി പ്രസംഗം നിര്‍ത്തി. ഇരിപ്പിടത്തിലേക്ക് മടങ്ങിയ മുഖ്യമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ്മകളില്‍ സദസിലിരുന്നു വിതുമ്പിക്കരയുന്നതും കാണാമായിരുന്നു.
‘സത്യത്തില്‍ ഇങ്ങിനെ ഒരു യാത്രയയപ്പ് പ്രതീക്ഷിച്ചതല്ല. എങ്ങനെ പറയണമെന്നും അറിയില്ല. ചില കാര്യങ്ങള്‍ നമ്മുടെ കൈയ്യില്‍ അല്ല. കോടിയേരിയുടെ ചികിത്സ ആരംഭിച്ചപ്പോൾ നല്ല പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ പിന്നീട് ശരീരം അപകടകരമായ നിലയിലേക്ക് പോയിരുന്നു. എല്ലാ ശ്രമങ്ങളും നടത്തി. പരമാവധി ശ്രമിച്ചു. പലയിടത്തായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാരുണ്ട്. ചെന്നൈ അപ്പോളോ ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കും പ്രത്യേകിച്ച് ഡോ പ്രമോദിനും നന്ദി. ഈ കനത്ത നഷ്ടത്തില്‍ എല്ലാ പാര്‍ട്ടികളും പക്ഷം ഇല്ലാതെ പങ്ക് ചേര്‍ന്നു. മനുഷ്യനന്മ അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവാണത്. ഇത് ഈ കാലഘട്ടത്തില്‍ ആവശ്യം,’- മുഖ്യമന്ത്രി പറഞ്ഞു.