അല്‍പ്പത്തരത്തിന്‍റെ ആള്‍രൂപമാണ് മുഖ്യമന്ത്രി: കെ സുധാകരൻ

single-img
21 January 2023

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അല്‍പ്പത്തരത്തിന്‍റെ ആള്‍രൂപമാണ് മുഖ്യമന്ത്രിയെന്ന് വ്യക്തമാക്കുന്നതാണിതെന്നും ആശുപത്രിയിലെ പദ്ധതിയുടെ നടത്തിപ്പിന് വേണ്ട എല്ലാ ഇടപെടലും ഏകോപനവും നടത്തിയത് കെ സി വേണുഗോപാല്‍ മുന്‍കൈയെടുത്താണെന്നത് യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് പദ്ധതി പൂര്‍ത്തിയാക്കി ആശുപത്രി ഉദ്ഘാടനം ചെയ്യുമ്പോള്‍ അദ്ദേഹത്തെ ക്ഷണിക്കാത്തത് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടേയും ഇടുങ്ങിയ ചിന്താഗതി കൊണ്ടാണെന്നും സുധാകരൻ വിമർശിച്ചു. നേരത്തെ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് കെ സി വേണുഗോപാല്‍ എംപിയുടെ ശ്രമഫലമായാണ് പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പിഎംഎസ്എസ്വൈ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി 120 കോടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്‍റെ നിര്‍മ്മാണത്തിന് അനുവദിച്ചതെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്‍ പോലും സാക്ഷ്യപ്പെടുത്തുന്നു.

ആശുപത്രിയുടെ നിര്‍മ്മാണത്തിന്‍റെ വിജയത്തിനായി പ്രവര്‍ത്തിച്ചവരെ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിക്കാന്‍ മനസ്സുകാട്ടിയ ജി സുധാകരനെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.