മുഖ്യമന്ത്രി പിണറായി വിജയന്‍ ചെറുപ്പം മുതലേ രാഷ്ട്രീയ ആക്രമണങ്ങളുടെ ആളാണ്; ഗവര്‍ണര്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ ചെറുപ്പം മുതലേ രാഷ്ട്രീയ ആക്രമണങ്ങളുടെ ആളാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗവര്‍ണറുടെ പരാമര്‍ശം. ‘അറസ്റ്റ് ചെയ്ത കൊലക്കേസ് പ്രതിയായ സഖാവിനെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടു പോകാന്‍ പിണറായി ചെന്നിട്ടുള്ള കാര്യവും മനസിലായി. അതേക്കുറിച്ച് കൂടുതല്‍ വിശദമാക്കുന്നില്ല. സ്റ്റേഷനിലെ ജനറല്‍ രജിസ്റ്ററില്‍ അതെല്ലാം ഉണ്ട്. പരിശോധിച്ചാല്‍ മനസ്സിലാകും’ -അഭിമുഖത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
താന്‍ ആരാണെന്ന് എനിക്ക് അറിയില്ലെന്നു മുഖ്യമന്ത്രി ഭീഷണി സ്വരത്തില്‍ പറഞ്ഞു. അദ്ദേഹം മുഖ്യമന്ത്രിയാണെന്ന് എനിക്കറിയാം. അതിനപ്പുറം അറിയാനുണ്ടെന്ന് അദ്ദേഹം പറഞ്ഞതനുസരിച്ച് ഞാന്‍ ചില ഗവേഷണമൊക്കെ നടത്തി. പലരോടും ചോദിച്ചറിഞ്ഞു. അപ്പോഴാണ് ചെറുപ്പം മുതല്‍ രാഷ്ട്രീയ ആക്രമണത്തിന്റെ ആളായിരുന്നെന്ന് മനസിലായതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.
അഡ്വക്കറ്റ് ജനറലിന്റെ സഹായത്തോടെ തന്നെ തെറ്റിദ്ധരിപ്പിച്ചാണ് കണ്ണൂര്‍ സര്‍വകലാശാല വി.സിയുടെ പുനര്‍നിയമനം അംഗീകരിപ്പിച്ചത് എന്നും ഗവര്‍ണര്‍ ആരോപിച്ചു. സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് അപേക്ഷയും ക്ഷണിച്ച ശേഷമാണ് സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയത്. അതിനനുസരിച്ച് അഡ്വക്കറ്റ് ജനറലും നിയമോപദേശം നല്‍കി. അന്ന് അത് അംഗീകരിക്കാതിരുന്നെങ്കില്‍ പിന്നീട് കൂടുതല്‍ പ്രശ്നങ്ങളിലേക്കു പോകുമായിരുന്നു. തന്റെ ബോധ്യം അതല്ലായിരുന്നെന്ന് രേഖകളിലുണ്ട് എന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.