പരാതികളോട് മുഖ്യമന്ത്രി മുഖം തിരിച്ചു; അജിത് കുമാർ എഴുതി കൊടുത്തതാകും മുഖ്യമന്ത്രി വായിച്ചത്: പിവി അൻവർ

single-img
26 September 2024

മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തിയും വിമര്ശനവുമായും നിലമ്പൂർ എംഎൽഎ പി വി അൻവർ. മുഖ്യമന്ത്രി തന്നെ കുറ്റക്കാരനായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്ന് അൻവർ ആരോപിച്ചു. പി വി അൻവർ കള്ളക്കടത്ത് സംഘത്തിന്റെ ആളാണോ എന്ന സംശയം മുഖ്യമന്ത്രി സമൂഹത്തിന് മുന്നിൽ ഇട്ടു കൊടുത്തു.

ഇത് തനിക്ക് വലിയ ഡാമേജ്‌ ഉണ്ടാക്കി. മുഖ്യമന്ത്രിയുടെ പ്രസ്താവന തന്നെ അധിക്ഷേപിച്ചു. മുഖ്യമന്ത്രി അങ്ങനെ കടന്ന് പറയേണ്ടിയിരുന്നില്ല. വ്യക്തിപരമായി അധിക്ഷേപിച്ച രീതി ശരിയായില്ലെന്നും അൻവർ പറഞ്ഞു. അതുപോലെ തന്നെ മുഖ്യമന്ത്രിയുടെ വാക്കുകൾ തന്നെ കുറ്റവാളിയാക്കുന്നതായിരുന്നു. പാർട്ടി അത് തിരുത്തും എന്ന് പ്രതീക്ഷിച്ചു. എന്നാൽ അതുണ്ടായില്ല.

പ്രതീക്ഷ മുഴുവൻ പാർട്ടിയിലായിരുന്നു. അന്വേഷിക്കുമെന്നെും സംസ്ഥാന സെക്രട്ടറി പറയും എന്നും കരുതി. പാർട്ടി സെക്രട്ടറിയുടെ പ്രതികരണം ഇല്ലാത്തത് നിരാശപ്പെടുത്തി. എട്ട് വർഷത്തിനും അപ്പുറം പാർട്ടിയുമായി ബന്ധമുള്ളതാണ്. പാർട്ടി സെക്രട്ടറിക്ക് നൽകിയ പരാതി വായിച്ചിട്ടുപോലുമില്ലെന്ന് മനസ്സിലായി. ഏത് സാധാരണകാരനും മനസിലാകുന്ന രീതിയിലാണ് പരാതി കൊടുത്തത്. പി ശശിയുമായുള്ള ബന്ധത്തെ ന്യായീകരിക്കാൻ ശ്രമിക്കുകയായിരുന്നു പാർട്ടി സെക്രട്ടറി ചെയ്തതെന്നും അൻവർ ആരോപിച്ചു.

ശശിയുമായി 40 വർഷത്തെ ബന്ധം ആണെന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്. പി ശശിക്കെതിരായ പരാതി പാർട്ടി പൂർണമായും അവഗണിച്ചു. പാർട്ടിക്ക് വിപരീതമായി താൻ പ്രവർത്തിച്ചിട്ടില്ല. പാർട്ടിക്ക് വിരുദ്ധമായി അല്ല പ്രവർത്തിക്കുന്നത്. പാർട്ടിയുമായി സഹകരിച്ചാണ് എന്നും മുന്നോട്ട് പോവുന്നത്. പാർട്ടി പ്രവർത്തകരുടെ വികാരമാണ് ഉന്നയിച്ചത്. സാധാരണക്കാരുടെ വിഷയങ്ങളാണ് ഉന്നയിച്ചത്. പൊളിറ്റിക്കൽ സെക്രട്ടറിയാണ് എല്ലാത്തിന്റെയും ഉത്തരവാദി. കമ്യൂണിസ്റ്റ് ആണെന്ന് പറഞ്ഞാൽ സ്റ്റേഷനിൽ നിന്ന് രണ്ട് അടി കൂടുതൽ കിട്ടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

തന്റെ പരാതികളോട് മുഖ്യമന്ത്രി മുഖം തിരിച്ചു. അജിത് കുമാർ എഴുതി കൊടുത്തതാകും മുഖ്യമന്ത്രി വായിച്ചത്. സ്വർണക്കടത്തിനെ മുഖ്യമത്രി ന്യായീകരിക്കാൻ നോക്കി. എന്നാൽ അത് അങ്ങനെ അല്ല എന്ന് തനിക്ക് തെളിയിക്കണം. മുഖ്യമന്ത്രുയുടെ പ്രസ്താവനകൾ വാസ്തവ വിരുദ്ധമെന്ന് തെളിയിക്കേണ്ട ബാധ്യതയുണ്ട്. ഇനി തനിക്ക് പ്രതീക്ഷ കോടതിയിലാണ്. താൻ ഹൈക്കോടതിയെ സമീപിക്കും.

സ്വർണം പൊലീസ് അടിച്ചു മാറ്റുന്നതിൽ താൻ തന്നെ അന്വേഷണം നടത്തി. കേസ് അന്വേഷണത്തിൽ പൊലീസ് കാര്യമായി ഒന്നും നടത്തിയില്ല. കരിയർമാരുമായി താൻ സംസാരിച്ചു. സ്വർണക്കടത്ത് കേസിൽ പലരുമായും സംസാരിച്ചു. തന്റെ വീടുകളിലേക്കും വിളിച്ചു വരുത്തി. താൻ നടത്തിയ അന്വേഷണം മുഴുവൻ തന്റെ ഫോണിൽ നിന്നാണെന്നും പി വി അൻവർ പറഞ്ഞു. ഇതെല്ലാം കണക്റ്റ് ചെയ്ത് തന്നെ പ്രതിയാക്കാൻ നീക്കം ഉണ്ടായതായും എംഎൽഎ ആരോപിച്ചു.

അജിത് കുമാരിന്റെ കള്ളക്കഥ മുഴുവൻ മുഖ്യമന്ത്രി വിശ്വസിച്ചു. അജിത് കുമാർ പറഞ്ഞു കൊടുത്ത സ്റ്റോറിയാണ് മുഖ്യമന്ത്രി പറഞ്ഞത്. തന്നെ പ്രതിയാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇന്ന് പത്രസമ്മേളനം നടത്താൻ കഴിയുമോ എന്ന് തനിക്ക് ഉറപ്പ് ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിക്ക് മലപ്പുറത്തേക്ക് വിളിക്കാമായിരുന്നു. മുഖ്യമന്ത്രി മലപ്പുറം ജില്ലാ സെക്രറിയോട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചില്ല. വസ്തുത എന്താണെന്ന് അന്വേഷിക്കാൻ പാർട്ടിയോ മുഖ്യമന്ത്രിയോ തയ്യാറായില്ല. പകരം അജിത് കുമാർ പറഞ്ഞുകൊടുത്ത സ്റ്റോറി വായിച്ചുവെന്നും നിലമ്പൂർ എംഎൽഎ പി വി അൻവർ ആരോപിച്ചു.