സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ യോഗ്യതയില്ല: കെ സുധാകരൻ

single-img
19 September 2022

സർവകലാശാലയുമായി ബന്ധപ്പെട്ട നിയമനങ്ങൾ മാനദണ്ഡങ്ങൾ ലംഘിച്ച് നടത്താൻ മുഖ്യമന്ത്രി ശ്രമിച്ചെന്ന് സംസ്ഥാന ഗവർണർ വെളിപ്പെടുത്തിയ സാഹചര്യത്തിൽ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ യോഗ്യതയില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.

കോൺഗ്രസ് സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് ഗവർണറുടെ തുറന്ന് പറച്ചിൽ എന്ന് അദ്ദേഹം അവകാശപ്പെട്ടു. നേരത്തെ നടന്ന ചരിത്ര കോൺഗ്രസ് പരിപാടിക്കിടെ തനിക്കെതിരെയുണ്ടായ ആക്രമം ഗവർണർ തുറന്ന് പറഞ്ഞിട്ടും പൊലീസ് കേസെടുത്ത് അന്വേഷണം നടത്താൻ തയ്യാറാകാതിരുന്നത് ഗൗരവതരമായ കുറ്റമാണെന്നും അദ്ദേഹം ആരോപിച്ചു.

ചട്ടവിരുദ്ധമായി നടത്തിയ നിയമനങ്ങളിൽ അന്വേഷണം വേണം. ഗവർണറെ പോലും ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് സർക്കാർ ഭരിക്കുന്നതെന്ന് കെ സുധാകരൻ കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവർണറുടെ ജീവന് പോലും ഭീഷണിയുള്ള സംസ്ഥാനത്ത് എന്തു ക്രമസമാധാന പരിപാലനമാണുള്ളതെന്നും വിയോജിക്കുന്നവരെ നിശബ്ദമാക്കുകയാണ് ചെയ്യുന്നതെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി പലപ്പോഴും പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലാണ് പെരുമാറുന്നതെന്നും കെ സുധാകരൻ ആരോപിച്ചു.