കെ എസ്ആർടിസി; എല്ലാമാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

single-img
5 September 2022

കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധിയിൽ മാനേജ്മെന്റും തൊഴിലാളി യൂണിയനുകളുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ച വിജയം. രണ്ടുമാസമായി മുടങ്ങിയ ശമ്പളക്കുടിശ്ശിക ചൊവ്വാഴ്ചയോടെ തീര്‍ക്കുമെന്നും എല്ലാമാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കുമെന്നും മുഖ്യമന്ത്രി യൂണിയന്‍ നേതൃത്വത്തിന് ഇന്ന് ഉറപ്പ് നല്‍കി.

എന്നാൽ, 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കണമെന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നെങ്കിലും ഇത് പൂർണ്ണമായി അംഗീകരിക്കാന്‍ പ്രതിപക്ഷ യൂണിയനുകള്‍ തയ്യാറായില്ല. ആഗസ്റ്റ് മാസത്തെ 75 ശതമാനം ശമ്പളം നല്‍കാനായി 50 കോടിയായിരുന്നു സര്‍ക്കര്‍ അനുവദിച്ചത്. ഇതിൽ ബാക്കി കുടിശ്ശികയടക്കം നാളെ തീര്‍ക്കാമെന്നാണ് ഇന്നത്തെ ചർച്ചയിൽ അറിയിച്ചിരിക്കുന്നത്.

ഒരു മാസത്തെ മുഴുവന്‍ ശമ്പളവും കൊടത്തുതീര്‍ക്കാന്‍ 78 കോടി രൂപയാണ് സര്‍ക്കാരിന് വേണ്ടത്. ഓണമായിട്ടും ശമ്പളം കൊടുക്കാത്തതില്‍ കേരളാ ഹൈ കോടതിയില്‍ നിന്നടക്കം വലിയ വിമര്‍ശനം സര്‍ക്കാരിന് കേള്‍ക്കേണ്ടി വന്നിരുന്നു. തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച.