മുഖ്യമന്ത്രിയുടെ ഫോട്ടോ മാത്രമാണ് വാർത്തകളിൽ ആകെയുള്ള വസ്തുത; എക്സാ ലോജിക് വിഷയത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ

single-img
19 January 2024

വീണാ വിജയനെതിരായി രജിസ്ട്രാർ ഓഫ് കമ്പനീസ് കൊണ്ടുവന്ന കണ്ടെത്തലുകളെ പൂർണ്ണമായും തള്ളി സി.പി.എം. എക്സാ ലോജിക് വിഷയത്തിൽ മാധ്യമങ്ങൾ മുഖ്യമന്ത്രിയെ ലക്ഷ്യം വെക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഫോട്ടോ മാത്രമാണ് വാർത്തകളിൽ ആകെയുള്ള വസ്തുത. ബാക്കി വാർത്തകളെല്ലാം വസ്തുതാ വിരുദ്ധമാണെന്നും വീണയ്ക്കെതിരേ നടന്നത് ഏകപക്ഷീയമായ അന്വേഷണമാണെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ പേര് ഉപയോഗിച്ച്, രാഷ്ട്രീയപരമായി പർവതീകരിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വീണാ വിജയനെതിരായ കേസുമായി ബന്ധപ്പെട്ട ചോദ്യത്തിന്; ‘സംഭവത്തിൽ അന്വേഷണം നടത്താൻ വേണ്ടി പ്രത്യേസംഘത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. മൂന്നാളുകളെ ചുമതലപ്പെടുത്തിയിരിക്കുന്നു എന്നും നാല് മാസത്തെ സമയം കൊടുത്തിരിക്കുന്നു എന്നുമാണ് വാർത്ത. ഇതിനിടെയാണ് അതിലൊരാൾ വാർത്ത പുറത്തുവിട്ടത്. അതിന്റെ പേരിൽ പ്രതികരിക്കേണ്ടതുണ്ടോ? അന്വേഷിക്കട്ടെ’ – എന്നായിരുന്നു മറുപടി.

രണ്ട് കമ്പനികൾ തമ്മിലുണ്ടാക്കിയ കരാർപ്രകാരം സേവനം നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ നിയമപരമായി പ്രതിഫലം നൽകുകയും ചെയ്ത ഒരു പദ്ധതിയെക്കുറിച്ച് ബന്ധപ്പെട്ടവരിൽ നിന്ന് പരാതി വാങ്ങാതെ ഏകപക്ഷീയമായി അന്വേഷണത്തിനാണ് ഉത്തരവിട്ടത്. ഇതിനെ ഒരുകാരണവശാലും അംഗീകരിക്കാനാകില്ല. കോൺഗ്രസ് നേതാക്കൾ സിഎംആറിൽ നിന്ന് കോടിക്കണക്കിന് രൂപ വാങ്ങിയിട്ടുണ്ട്. അത് ആരും നിഷേധിച്ചിട്ടില്ല.

ഈ പണം രസീത് നൽകി വാങ്ങി എന്നാണ് യു.ഡി.എഫ് നേതാക്കൾ അവകാശപ്പെടുന്നത്. ഇതിന്റെ തെളിവുകൾ ഇല്ലാതെ തന്നെ, വിശ്വസിക്കാൻ പറ്റുന്ന ചെലവായി സെറ്റിൽമെന്റ് ബോർഡ് അംഗീകരിച്ചു. അത് എന്തൊരു വിചിത്രമായ അംഗീകരിക്കലാണ്. അതേസമയം നിയമപ്രകാരം ജി.എസ്.ടി. കൊടുത്ത ബാങ്ക് മുഖേന കൈകാര്യം ചെയ്യപ്പെട്ട രണ്ട് കമ്പനികൾ അവർ തമ്മിലുള്ള കരാറിന്റെ പേരുപറഞ്ഞാണ് ഈ കോലാഹലം- എം.വി. ഗോവിന്ദൻ പറഞ്ഞു.