മലപ്പുറത്തു പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിയെ മർദിച്ച സംഭവം; പ്രതി അറസ്റ്റിൽ

single-img
16 January 2023

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ പറമ്പില്‍ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ച് 12 വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായി . ആലിപ്പറമ്പ് സ്വദേശിയായ അഷ്റഫാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ജില്ലയിലെ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയിൽ ഇന്നലെ വൈകിട്ടാണ് അക്രമമുണ്ടായത്. കുട്ടി കളിക്കാനെത്തിയപ്പോൾ പറമ്പിൽ നിന്ന് പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് സ്ഥലമുടമ മർദിക്കുകയായിരുന്നു . ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തി ചവിട്ടിയതായും മർദനമേറ്റ കുട്ടി പറഞ്ഞിരുന്നു.

ഇതിനെ തുടർന്ന് കാലിന്റെ തുടയെല്ല് പൊട്ടിയ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തിൽ ഉടൻ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.