ഓണാഘോഷത്തിന് കുട്ടികളിട്ട പൂക്കളം നശിപ്പിച്ചു; ബെംഗളൂരുവിൽ മലയാളി യുവതിക്കെതിരെ കേസെടുത്തു
ഓണാഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവിൽ കുടുംബാംഗങ്ങൾ ചേർന്ന് തയ്യാറാക്കിയ പൂക്കളം അലങ്കോലപ്പെടുത്തിയതിന് മലയാളി യുവതിയുടെ പേരിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ച മൊണാർക്ക് സെറിനിറ്റി അപ്പാർട്ട്മെന്റിൽ ഓണാഘോഷത്തിനിടെയായിരുന്നു സംഭവം.
താനിസന്ദ്ര മൊണാർക്ക് സെറിനിറ്റി അപ്പാർട്ട്മെന്റിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശി സിമി നായർ ക്കെതിരെയാണ് സാമ്പിഗെഹള്ളി പൊലീസ് കേസെടുത്തത്. വെളുപ്പിന് പാർപ്പിട സമുച്ചയത്തിന്റെ താഴെ നിലയിൽ ഒരുക്കിയ പൂക്കളമാണ് ഇവർ നശിപ്പിച്ചത്.
തിരുവോണ ദിവസം കഴിഞ്ഞിട്ടും ഓണം ആഘോഷിക്കുന്നതിനോടും പൂക്കളമൊരുക്കുന്നതിനോടും എതിർപ്പുന്നയിച്ചാണ് പൂക്കളം നശിപ്പിച്ചതെന്ന് മലയാളി കുടുംബാംഗങ്ങൾ പറയുന്നു . കൂട്ടികളുൾപ്പെടെയുള്ളവർ ചേർന്നായിരുന്നു ഈ പൂക്കളമൊരുക്കിയത്.
പിന്നാലെ ഇവർ അവരവരുടെ വീടുകളിലേക്ക് പോയ സമയം സിമി നായർ പൂക്കളത്തിൽ കയറിനിൽക്കുകയും കാലുകൊണ്ട് കളത്തിലെ പൂക്കൾ അലങ്കോലപ്പെടുത്തുകയുമായിരുന്നു. സംഭവം സുരക്ഷാ ജീവനക്കാരെ വിവരമറിയിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ സ്ഥലത്തെത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്മാറിയില്ല. പിന്നാലെ പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു.