ഇന്ത്യൻ കമ്പനി നിർമ്മിച്ച സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ചു: ആരോപണവുമായി ഉസ്‌ബെക്കിസ്ഥാൻ
ഇന്ത്യയിൽ നിന്നുള്ള കമ്പനി നിർമിച്ച സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ചതായി ഉസ്‌ബെക്കിസ്ഥാൻ ആരോഗ്യമന്ത്രാലയം. ഈ വർഷം ഉസ്ബക്കിസ്ഥാനിൽ രജിസ്റ്റർ ചെയ്ത മരിയോൺ ബയോടെക് പ്രൈവറ്റ് ലിമിറ്റഡിൽ നിർമ്മിച്ച മരുന്ന് കുടിച്ചാണ് കുട്ടികൾ മരിച്ചതെന്നാണ് ആരോപണം.
രാജ്യത്ത് നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് മരിയോൺ ബയോടെക്. കമ്പനി നിർമ്മിച്ച ഡോക്-1 മാക്‌സ് സിറപ്പാണ് കുട്ടികൾ കഴിച്ചതെന്ന് ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. റെസ്പിറേറ്ററി രോഗമുള്ള 21 കുട്ടികളിൽ 18 പേരും ഡോക്-1 മാക്‌സ് സിറപ്പ് കുടിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
‘മരണപ്പെട്ട കുട്ടികൾ, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുമുമ്പ്, ഈ മരുന്ന് വീട്ടിൽ 2-7 ദിവസം 3-4 തവണ, 2.5-5 മില്ലി കഴിച്ചിരുന്നു’ ഉസ്ബക്കിസ്ഥാൻ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
‘ ഈ മരുന്നിന്റെ പ്രധാന ഘടകം പാരസെറ്റമോൾ ആണ്. അതുകൊണ്ടു തന്നെ ഡോക്-1 മാക്‌സ് സിറപ്പ് സ്വന്തം അല്ലെങ്കിൽ ഫാർമസി വിൽപനക്കാരുടെ ശുപാർശ പ്രകാരമാണ് ജലദോഷത്തിനുള്ള പ്രതിവിധിയായി മാതാപിതാക്കൾ ഉപയോഗിക്കുന്നത്. അതായിരുന്നു അവസ്ഥ മോശമാകാൻ കാരണം. ഡോക്-1 മാക്‌സ് സിറപ്പിന്റെ ഈ ശ്രേണിയിൽ എഥിലീൻ ഗ്ലൈക്കോൾ അടങ്ങിയിട്ടുണ്ടെന്ന് പ്രാഥമിക ലബോറട്ടറി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
‘എഥിലീൻ ഗ്ലൈക്കോൾ പദാർത്ഥം വിഷാംശം ഉള്ളതാണ്. 95% സാന്ദ്രീകൃത ലായനിയിൽ ഏകദേശം 1-2 മില്ലി / കിലോ എഥിലീൻ ഗ്ലൈക്കോൾ രോഗിയുടെ ആരോഗ്യത്തിൽ ഗുരുതരമായ മാറ്റങ്ങൾക്ക് കാരണമാകും, അതായത് ഛർദ്ദി, ബോധക്ഷയം, ഹൃദയാഘാതം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകും’ മന്ത്രാലയം ചൂണ്ടിക്കാട്ടി.
നിലവിൽ, ഡോക്-1 മാക്സിന്റെ ഗുളികകളും സിറപ്പുകളും രാജ്യത്തെ എല്ലാ ഫാർമസികളിൽ നിന്നും പിൻവലിച്ചിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യകാര്യത്തിൽ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും കുറിപ്പടി പ്രകാരം മാത്രം ഫാർമസികളിൽ മരുന്നുകൾ വാങ്ങണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.