ആമസോൺ വനമേഖലയിൽ വിമാനം തകർന്ന് കാണാതായ കുട്ടികളെ ജീവനോടെ കണ്ടെത്തി
ബൊഗോട്ട: കൊളംബിയയിലെ ആമസോൺ വനമേഖലയിൽ വിമാനം തകർന്ന് കാണാതായ നാല് കുട്ടികളെ 40 ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തി. വിമാനം തകർന്ന് കാണാതായ നാല് കുട്ടികളെയും വെള്ളിയാഴ്ച ജീവനോടെ കണ്ടെത്തിയതായി പ്രസിഡന്റ് ഗുസ്താവോ പെട്രോ അറിയിച്ചു. 11 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെയുള്ളവരെയാണ് രക്ഷിച്ചത്.
മെയ് ഒന്നിന് ഉണ്ടായ വിമാന അപകടത്തിലാണ് പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞും നാലും ഒൻപതും പതിമൂന്നും വയസുള്ള സഹോദരങ്ങളും കാട്ടിൽ അകപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന കുട്ടികളുടെ അമ്മ ഉൾപ്പെടെ പ്രായപൂർത്തിയായ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. കുട്ടികൾ അപകസ്ഥലത്ത് നിന്നും ദൂരേക്ക് മാറിപ്പോയതിൻ്റെ ലക്ഷണങ്ങൾ കണ്ടെത്തിയതോടെയാണ് ഇവർക്കായുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചത്.
കുട്ടികൾ ഉപേക്ഷിച്ച കുപ്പിയടക്കമുള്ള വസ്തുക്കൾ തെരച്ചിൽ നടത്തിയ സൈന്യത്തിന് ലഭിച്ചതാണ് നിർണായകമായത്. ഫീഡിങ് ബോട്ടിൽ, ഹെയർ ക്ലിപ്പ് എന്നിവ വനത്തിൽ നിന്നും ലഭിച്ചു. കുട്ടികൾ കഴിച്ച പഴങ്ങളുടെ ഭാഗങ്ങൾ ലഭിക്കുകയും താൽക്കാലിക ഷെൽട്ടർ വനത്തിൽ കണ്ടെത്തുകയും ചെയ്തതോടെ കുട്ടികൾ ജീവനോടെയുണ്ടെന്ന് തെരച്ചിൽ സംഘം ഉറപ്പിച്ചു. ചെറിയ കാൽപ്പാടുകളും കണ്ടെത്തിയതോടെ പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ച് നടത്തിയ തെരച്ചിൽ ഒടുവിൽ വിജയം കാണുകയായിരുന്നു.
വിവിധ സംഘങ്ങളായി തിരിഞ്ഞ സൈന്യം സൈനിക ഹെലികോപ്റ്ററുകളടക്കം ഉപയോഗിച്ചാണ് തെരച്ചിൽ നടത്തിയത്. പ്രദേശവാസികളുടെ സഹായം സൈന്യത്തിന് ലഭിച്ചു. കുട്ടികളുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിർജ്ജലീകരണത്തിൻ്റെ പ്രശ്നം മാത്രമാണ് കുട്ടികൾക്കുള്ളത്.