കുട്ടികളെ പീഡിപ്പിച്ചു; കുവൈത്തില്‍ പ്രവാസിയായ മത അധ്യാപകനെ തൂക്കിക്കൊല്ലാന്‍ കോടതി വിധി

single-img
10 January 2023

കുവൈത്തില്‍ ഖൈത്താനില്‍ ഇസ്ലാമിക വിഷയങ്ങള്‍ പഠിപ്പിച്ചിരുന്ന ഈജിപ്ഷ്യന്‍ അധ്യാപകനെ കുട്ടികളെ പീഡിപ്പിച്ച കേസിൽ തൂക്കിക്കൊല്ലാന്‍ വിധി. ഇതുവരെ അന്‍പതോളം കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്‍തിട്ടുള്ളത്. ഇതില്‍ ആദ്യത്തെ ഒരു കേസിലാണ് ഇപ്പോള്‍ വിധി വന്നത്.

രാജ്യത്തെ ഖൈത്താൻ, ഫർവാനിയ മേഖലകളിലാണ് ഇയാള്‍ കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചതെന്ന് നേരത്തെ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ ജഹ്‌റ ഗവർണറേറ്റിലെ സ്‌കൂളുകളിൽ ഇസ്‌ലാമിക വിഷയങ്ങള്‍ പഠിപ്പിച്ചിരുന്ന അധ്യാപകനായിരുന്നു പ്രതി.

ഒൻപത് വർഷം മുമ്പാണ് ഇയാള്‍ കുവൈത്തിലേക്ക് വന്നത്. ജഹ്‌റയിലെ ഒരു മിഡിൽ സ്കൂളിൽ ജോലി ചെയ്യുകയായിരുന്നു. ചിലപ്പോള്‍ വൈകുന്നേരം ആറ് മണിക്ക് ഖൈത്താൻ പ്രദേശത്തേക്കും മറ്റ് ചിലപ്പോൾ ഫർവാനിയയിലേക്കും പോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കേണ്ട കുട്ടികളെ കണ്ടെത്തുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് ‘അല്‍ഖാബാസ്’ ദിനപ്പത്രം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പാകിസ്ഥാന്‍ പൗരനായ ഒരു പ്രവാസിയാണ് തന്റെ എട്ട് വയസുള്ള മകനെ ഒരു പലചരക്ക് കടയിലേക്ക് പോകുമ്പോൾ പ്രതി ലൈംഗികമായി പീഡിപ്പിപ്പിച്ചെന്ന് അധികൃതരെ അറിയിച്ചത്. ഫർവാനിയ ഗവർണറേറ്റിലെ റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർക്കാണ് റിപ്പോര്‍ട്ട് കിട്ടിയത്.

കുട്ടി പീഡനത്തിനിരയായ സ്ഥലത്ത് ഡിറ്റക്ടീവുകൾ എത്തി കടകളിലെയും സമീപത്തെയും കെട്ടിടങ്ങളിലെയും നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു. എന്നാല്‍ പ്രതി മറ്റൊരു കുട്ടിയെയും ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇവിടെ നിന്ന് അധികൃതർക്ക് ലഭിച്ചു. അന്‍പതിലധികം കുട്ടികളെ പീ‍ഡനത്തിനിരയാക്കിയെന്ന് ഇയാള്‍ ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

പ്രതി പിടിയിയതിന് പിന്നാലെ മറ്റ് ചില കുട്ടികളുടെ രക്ഷിതാക്കളും പരാതികളുമായി അധികൃതരെ സമീപിച്ചു. ഈജിപ്തിൽ നിന്നുള്ള മൂന്ന് കുട്ടികൾകളുടെ രക്ഷിതാക്കളും ലെബനൻ, ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ കുട്ടികളുടെ രക്ഷിതാക്കളും പരാതികള്‍ നല്‍കി. അന്‍പതോളം കുട്ടികളെ പീഡിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയത്. ആദ്യ കേസിലെ വിചാരണയ്ക്കൊടുവില്‍ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. മറ്റ് കേസുകളിലെ നടപടികള്‍ പുരോഗമിക്കുകയാണ്.