ക്രിക്കറ്റിൽ നിലവാരം ഉയരണം; സഹായത്തിനായി ചൈന ഇന്ത്യയെ സമീപിച്ചു; സഹായിക്കാൻ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ
കളിക്കാരാലും പണത്തിനാലും വർഷങ്ങളായി ഇന്ത്യ ലോക ക്രിക്കറ്റിലെ ഒഴിച്ചുകൂടാനാവാത്ത ആധിപത്യ ശക്തിയാണ്. അതേസമയം, ഇപ്പോൾ തങ്ങളുടെ രാജ്യത്ത് ക്രിക്കറ്റിന്റെ നിലവാരം ഉയർത്താൻ ചൈന ആഗ്രഹിക്കുന്നു. ഇതിന്റെ ഭാഗമായി ചൈനയുടെ കോൺസൽ ജനറൽ ഴ ലിയുവിന്റെ നേതൃത്വത്തിലുള്ള ചൈനീസ് പ്രതിനിധി സംഘംസഹായം തേടി ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിലേക്ക് എത്തി.
ഷാങ് ഹോങ്ജി, ഇക്കണോമിക് ആൻഡ് കൊമേഴ്‌സ്യൽ കോൺസൽ, ഉഭയകക്ഷി ബന്ധങ്ങളുടെ വിഭാഗം കോൺസൽ മേധാവി ഷാങ് സിഷോംഗ് എന്നിവരുൾപ്പെടെ മൂന്നംഗ ചൈനീസ് പ്രതിനിധി സംഘം ബി.സി.റോയ് ക്ലബ്ബ് ഹൗസിൽ വെച്ച് സി എ ബി പ്രസിഡന്റ് അവിഷേക് ഡാൽമിയയെ കാണുകയും ബംഗാളുമായി സമഗ്രമായ ക്രിക്കറ്റ് ബന്ധം സ്ഥാപിക്കാനുള്ള ചർച്ചകൾ നടത്തുകയും ചെയ്തു.
ചൈനയിലെ ചോങ്‌കിംഗ് സിറ്റിയിലെ ക്രിക്കറ്റ് വികസനത്തിന് ചൈനീസ് പ്രതിനിധികൾ സഹകരണം തേടിയെന്ന് അവിഷേക് ഡാൽമിയ പറഞ്ഞു. ചൈനയുമായി സഹകരിക്കാൻ അസോസിയേഷൻ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ആഗോളതലത്തിൽ ക്രിക്കറ്റ് വ്യാപിപ്പിക്കുന്നതിനുള്ള തത്വശാസ്ത്രത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു, ഗെയിം കളിക്കാൻ ചൈന മുൻകൈയെടുക്കുന്നത് കാണുന്നത് പ്രോത്സാഹജനകമാണെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ചൈനയിൽ നിന്ന് കളിക്കാരെ കൊൽക്കത്തയിലേക്ക് പരിശീലനത്തിന് അയക്കാൻ സഹായിക്കുന്ന ധാരണാപത്രം (എംഒയു) പ്രതിനിധി സംഘം നിർദ്ദേശിച്ചിട്ടുണ്ട്. സന്ദർശനങ്ങൾ, പരിശീലകരെ പരിചയപ്പെടുത്തൽ, ടീമുകൾ തമ്മിലുള്ള സൗഹൃദ മത്സരങ്ങൾ എന്നിവയുടെ സഹായത്തോടെ പ്രവർത്തനത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കാൻ ചൈന എങ്ങനെ ആഗ്രഹിക്കുന്നുവെന്ന് നിർദ്ദേശം ചൂണ്ടിക്കാട്ടി.