ചൈന പത്തി മടക്കുന്നു; ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി


ഇന്ത്യയുമായി പ്രവർത്തിക്കാൻ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഞായറാഴ്ച പറഞ്ഞതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുമായുള്ള ചൈനയുടെ ബന്ധത്തെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായിട്ടാണ് ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്ന് പറഞ്ഞത്.
ചൈനയും ഇന്ത്യയും നയതന്ത്ര, സൈനിക-സൈനിക മാർഗങ്ങളിലൂടെ ആശയവിനിമയം നടത്തിയിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ സ്ഥിരത ഉയർത്തിപ്പിടിക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയും ഞങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ തയ്യാറാണ്- വാങ് പറഞ്ഞു. മാത്രമല്ല ചൈന-ഇന്ത്യ ബന്ധങ്ങളുടെ സുസ്ഥിരവുമായ വളർച്ചയിലേക്കുള്ള ദിശയിലാണ് ഇന്ത്യ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിർത്തിയിൽ കടന്നുകയറ്റമടക്കം ചൈന നടത്തിയ പ്രകോപനങ്ങളെ ഇന്ത്യ ശക്തമായി നേരിട്ടിരുന്നു. തവാങ് സംഘർഷത്തിന് ശേഷം അതിർത്തി മേഖലയിൽ വ്യോമ അഭ്യാസമടക്കമുള്ള നിർണായകമായ സൈനിക നീക്കങ്ങളും ഇന്ത്യ നടത്തിയിരുന്നു. ചൈനയുടെ ഏത് വെല്ലുവിളിയേയും നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും പറഞ്ഞിരുന്നു. അതിർത്തിയിൽ കഴിഞ്ഞ ദിവസം നടന്ന കമാൻഡർതല ചർച്ചയ്ക്ക് ശേഷമാണ് ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന ചൈനയുടെ പ്രതികരണം.