ആറ് മാസത്തിനുള്ളില്‍ ആദ്യത്തെ കോവിഡ് -19 മരണം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു

single-img
21 November 2022

ബിയജിംഗ്: ആറ് മാസത്തിനുള്ളില്‍ ആദ്യത്തെ കോവിഡ് -19 മരണം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ തലസ്ഥാനമായ ബീജിംഗില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് ചൈന കടന്നു. ബീജിംഗില്‍ അധികാരികള്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകള്‍ ക്ലാസുകള്‍ അവസാനിപ്പിച്ച്‌ ഓണ്‍ലൈനാക്കി.

നഗരത്തിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശമായ ചായോങ്ങിലെ ഓഫീസുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടുകയും. വീടിന് പുറത്തുപോകുന്നത് ഒഴിവാക്കാന്‍ താമസക്കാരോട് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് വിവരം.

നവംബര്‍ 19 ന് ചൈനയില്‍ 24,435 പുതിയ കോവിഡ് -19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം മുമ്ബ് 24,473 ആയിരുന്നു കേസുകളുടെ എണ്ണം. ഇതില്‍ നിന്നും ചെറിയ കുറവുണ്ടെന്നാണ് ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചത്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി വരെ ബീജിംഗില്‍ 516 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് വിവരം. ആഗോളതലത്തിലെ കൊവിഡ് കണക്കുകള്‍ വച്ച്‌ നോക്കിയാല്‍ ഇത് കുറവാണ് എന്നാല്‍ “സീറോ-കോവിഡ്” നയം നടപ്പിലാക്കുന്നത് തുടരുന്നതിനാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതെ നഗര അധികാരികള്‍ക്ക് നഗരത്തിലുടനീളം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു.

“കര്‍ക്കശവും കര്‍ശനവും ശാസ്ത്രീയവും കൃത്യവുമായ രീതിയില്‍ വിവിധ പ്രതിരോധ, നിയന്ത്രണ നടപടികള്‍ നടപ്പിലാക്കി വരുകയാണ്. പ്രധാന മേഖലകളിലും പ്രധാന തെരുവുകളിലും ടൗണ്‍ഷിപ്പുകളിലും സാമൂഹിക പ്രതിരോധവും നിയന്ത്രണവും ശക്തിപ്പെടുത്തുകയും ജനക്കൂട്ടങ്ങളെ നിയന്ത്രിക്കുകയും ചെയ്യും” – ലിയു ബീജിംഗ് മുനിസിപ്പല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സിയാവോഫെങ് ഞായറാഴ്ച പറഞ്ഞു.

ബീജിംഗ് ആശുപത്രിയില്‍ കോവിഡ് -19 ല്‍ ബാധിച്ച 87 കാരനായ ഒരാളുടെ മരണം നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹം ഉണ്ടാക്കിയിരുന്നു. ഈ മരണത്തോടെ ചൈനയിലെ മൊത്തം കൊവിഡ് മരണസംഖ്യ 5,227 ആയി. ആറ് മാസം മുന്‍പ് മരണങ്ങള്‍ ഷാങ്ഹായില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഗുരുതരമായ ശ്വാസകോശ അണുബാധ മൂലമുണ്ടാകുന്ന സെപ്സിസ് മൂലമാണ് 87 കാരന്‍ ശനിയാഴ്ച മരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ 11 ന് അയാള്‍ക്ക് വരണ്ട ചുമയുടെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്നും രണ്ട് ദിവസത്തിന് ശേഷം കോവിഡ് -19 പോസിറ്റീവ് ആണെന്നും സ്ഥിരീകരിച്ചു.