നികുതിവെട്ടിപ്പ്; ചൈനയിലെ ഏറ്റവും വലിയ വൈദ്യുത വാഹന നിർമ്മാതാക്കളായ ബിവൈഡിക്കെതിരെ ഇന്ത്യയിൽ അന്വേഷണം
നികുതി വെട്ടിപ്പ് കേസിൽ ചൈനയിലെ ഏറ്റവും വലിയ വൈദ്യുത വാഹന (ഇവി) നിർമ്മാതാക്കളായ ബിവൈഡിക്കെതിരെ ഇന്ത്യയിൽ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യയിൽ കമ്പനി വിൽക്കുന്ന അസംബിൾഡ് കാറുകളിൽ ഉപയോഗിക്കുന്ന ഇറക്കുമതി ചെയ്യുന്ന ഭാഗങ്ങൾക്ക് നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡിആർഐ) അന്വേഷണം നടത്തുന്നത്.
ഇന്ത്യയിൽ ബിവൈഡി നികുതിയിനത്തിൽ $9 മില്യൺ കുറവാണ് നൽകുന്നതെന്ന് ഡിആർഐ അവകാശപ്പെടുന്നു. പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകളെ തുടർന്ന് ബിവൈഡി ഈ തുക നൽകിയെങ്കിലും അന്വേഷണം ഇപ്പോഴും തുടരുകയാണ്.
അതേസമയം, ഇനിയും കേസിൽ കമ്പനിക്കെതിരെ അധിക നികുതി ചാർജുകളും പിഴകളും ചുമത്താവുന്നതാണ്. ബിവൈഡിയും സർക്കാർ പ്രതിനിധികളും ഔദ്യോഗിക പ്രതികരണങ്ങളൊന്നും നൽകിയിട്ടില്ല. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധങ്ങലിലെ ഉലച്ചിലുകൾ ബിവൈഡിയുടെ ഇന്ത്യയിലെ വിപുലീകരണ പദ്ധതികളെ ഇതിനകം ബാധിച്ചിട്ടുണ്ട്.
ഇന്ത്യയിൽ പുതുതായി 1 ബില്യൺ ഡോളറിന്റെ നാലുചക്ര വാഹന നിർമാണ കേന്ദ്രം സ്ഥാപിക്കാനുള്ള ബിവൈഡി മോട്ടോഴ്‌സിന്റെ നിർദ്ദേശം കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ നിരസിച്ചതായി റിപ്പോർട്ടുണ്ട്.