മോദി നല്ല നേതാവ്; രാജ്യത്ത് ക്രൈസ്തവര്‍ സുരക്ഷിതർ: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി


മോദി നല്ല നേതാവാണ് ആണ് എന്നും, ബിജെപി ഭരണത്തില്‍ ക്രൈസ്തവര്‍ സുരക്ഷിതരാണ് എന്നും സീറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മാത്രമല്ല ജനങ്ങളുടെ പിന്തുണ ലഭിക്കത്തക്ക രീതിയിലുള്ള സമീപനങ്ങള്‍ ബിജെപിയില്‍ നിന്നുണ്ടാകുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദി നല്ല ലീഡറാണ്. അന്താരാഷ്ട്ര തലത്തില്‍ ലീഡര്‍ഷിപ്പ് വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം ശ്രമിച്ചു അത് വിജയിക്കുകയും ചെയ്തു. ഇവിടെയും അദ്ദേഹം ആരുമായിട്ടും ഏറ്റുമുട്ടലിന് പോയില്ലല്ലോ. ഇവിടത്തെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റുമായി ഏറ്റുമുട്ടലിന് പോയി ജയിക്കാന്‍ അല്ലല്ലോ അദ്ദേഹം ശ്രമിക്കുന്നത്- ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
ബിജെപി ഭരണത്തില്‍ ക്രൈസ്തവര്‍ക്ക് അരക്ഷിതാവസ്ഥ ഇപ്പോള്‍ ഇല്ല. ബിജെപിയുടെ ആധിപത്യം വന്നു കഴിഞ്ഞാല്‍ ക്രൈസ്തവരുടെ ജീവിതം അരക്ഷിതാവസ്ഥയിലാകുമെന്ന് പറയുന്നവരുണ്ട്. എന്നാല്‍ എനിക്ക് അതേക്കുറിച്ച് അറിയില്ല- ജോര്‍ജ് ആലഞ്ചേരി കൂട്ടിച്ചേർത്തു.
ബിജെപി നേതാക്കൾ തന്നെ വന്നു കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരും ഔദ്യോഗിക സന്ദർശനം നടത്തിയിട്ടില്ല. ആർഎസ്എസ് നേതാക്കളും കാണാൻ വരാറുണ്ട്. അവർ എന്നെ സ്വാമി ജി എന്നാണ് വിളിക്കാറുള്ളത്.
ബിജെപി സർക്കാരിൽ സംതൃപ്തരാണോ എന്ന ചോദ്യത്തിന് ജോർജ് ആലഞ്ചേരിയുടെ മറുപടി ഇങ്ങനെ; ‘ഏതു സർക്കാരിലും പൂർണമായി സംതൃപ്തരാവാനാവില്ല. എന്നാൽ ഞങ്ങൾ സന്തുഷ്ടരാണ്. സംസ്ഥാന ഗവൺമെന്റിനോടും അങ്ങനെ തന്നെയാണ്.’