കേരളത്തിലെ ക്രിസ്ത്യാനികൾ ഓരോ ഘട്ടത്തിലും കോൺഗ്രസിനൊപ്പം നിന്നവർ: കെ സുധാകരൻ


സംസ്ഥാനത്തെ ക്രിസ്ത്യൻ സഭാ അധ്യക്ഷന്മാരെ സന്ദർശിക്കുന്ന ബിജെപിയുടെ നീക്കത്തിൽ ആശങ്കയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ആർക്കും ആരെയും കാണാമെന്നും കേരളത്തിലെ ക്രിസ്ത്യാനികൾ ഓരോ ഘട്ടത്തിലും കോൺഗ്രസിനൊപ്പം നിന്നവരാണെന്നും ബിഷപ്പുമായുള്ള ചർച്ച പ്രതീക്ഷ നൽകുന്നതാണെന്നും കൂടിക്കാഴ്ചയിൽ തൃപ്തിയുണ്ടെന്നും കെ സുധാകരൻ പ്രതികരിച്ചു.
ഇന്നു വൈകിട്ട് തലശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിച്ച ശേഷം, പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരി ബിഷപ്പ് ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. ക്രൈസ്തവ സഭകളെ തങ്ങളോട് കൂടുതൽ അടുപ്പിക്കാനുള്ള ബിജെപി നീക്കത്തിന് തടയിടാനാണ് കോൺഗ്രസ് നീക്കം.
കെ സുധാകരനൊപ്പം എംഎൽഎ മാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ്, എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കർദ്ദിനാൾ ആലഞ്ചേരി ഉൾപ്പെടെയുള്ള മതമേലധ്യക്ഷന്മാരുമായി അടുത്തയാഴ്ച കെ സുധാകരൻ കൂടിക്കാഴ്ച നടത്തും.