ക്രിസ്മസ് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധം;വിവാദ പ്രസ്താവനയുമായി സക്കീർ നായിക്


ക്രിസ്മസ് പടിവാതിൽക്കൽ എത്തിനിൽക്കേ ആശംസകള്‍ നേരുന്നതും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമെന്ന വിവാദ പ്രസ്താവനയുമായി ഇസ്ലാമിക പ്രഭാഷകൻ സക്കീർ നായിക്. മുസ്ലിങ്ങൾ അല്ലാത്തവരുടെ ആഘോഷങ്ങളിൽ പങ്കുചേരുന്നതും ആശംസകൾ നേരുന്നതും സമ്മാനങ്ങൾ സ്വീകരിക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്ന് സക്കീര്‍ നായിക്ക് പറയുന്നു.
സോഷ്യൽ മീഡിയയിൽ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സാക്കിര്‍ നായിക്കിന്‍റെ വിവാദ പ്രസ്താവന. ‘അമുസ്ലിങ്ങളുടെ ആഘോഷങ്ങൾ ഏതെങ്കിലും തരത്തിൽ അനുകരിക്കുന്നത് ഇസ്ലാമിൽ അനുവദനീയമല്ല. ആഹാരം, വസ്ത്രം, തിരിതെളിക്കൽ എന്നിവയും സാധാരണയായുള്ള ആരാധനാക്രമത്തിൽ മാറ്റം വരുത്തുന്നതൊന്നും അനുവദനീയമല്ല.
അത്തരത്തിലുള്ള ആഘോഷങ്ങളുടെ ഭാഗമായി വിരുന്ന് നൽകുന്നതോ സമ്മാനങ്ങൾ കൊടുക്കുന്നതോ വാങ്ങുന്നതോ അനുവദനീയമല്ല’- സക്കീർ നായിക് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. അതേസമയം, ഈ പോസ്റ്റിന് താഴെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. സാക്കിര്‍ നായിക്കിന്‍റെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നും കമന്‍റുകളായി ക്രിസമസ് ആശംസകളര്‍പ്പിച്ചുമാണ് പോസ്റ്റിനെതിരെ പ്രതികരണമുയര്‍ന്നത്.