75,000 വർഷം പഴക്കമുള്ള തലയോട്ടി കണ്ടെത്തി; നിയാണ്ടർതാലിലെ സ്ത്രീകളുടെ മുഖച്ഛായ പുനഃസൃഷ്ടിച്ച് ശാസ്ത്രലോകം

single-img
2 May 2024

പരിണാമ ഘട്ടത്തിനുശേഷമുള്ള പുരാതന മനുഷ്യ സമൂഹമായ നിയാണ്ടർതാലിലെ സ്ത്രീകളുടെ മുഖച്ഛായ പുനഃസൃഷ്ടിച്ച് ശാസ്ത്രലോകം. 40,000 വർഷങ്ങൾക്ക് മുമ്പ് യുറേഷ്യയിൽ ജീവിച്ചിരുന്ന പുരാതന മനുഷ്യസമൂഹമാണ് നിയാണ്ടർത്തലുകൾ.

ഇന്നത്തെ ഇറാഖിലെ കുർദിസ്ഥാനിലുള്ള ഷാനിദർ ഗുഹയിൽ നിന്നാണ് മാതൃക നിർമിക്കാൻ സഹായകമായ തലയോട്ടി ബ്രിട്ടീഷ് ശാസ്ത്രജ്ഞർ കണ്ടെത്തിയത് . 1950കളിൽ കുറഞ്ഞത് പത്ത് നിയാണ്ടർത്താൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അവശിഷ്ടങ്ങൾ ഇവിടെനിന്ന് കണ്ടെത്തിയിരുന്നു.
പലതും ചതഞ്ഞരഞ്ഞ നിലയിലായിരുന്നുവെങ്കിലും തലയോട്ടിയുടെ മിക്ക ഭാഗങ്ങളും ഷാനിദർ ഗുഹയിൽനിന്ന് കണ്ടെടുത്തിരുന്നു.

ഏകദേശം 75,000 വർഷങ്ങൾ പഴക്കമുള്ളതാണ് ഈ തലയോട്ടിയെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. തലയോട്ടിയുടെ ശകലങ്ങൾ വീണ്ടും കൂട്ടിച്ചേർത്ത ശേഷം വിദഗ്ധ പാലിയോആർട്ടിസ്റ്റുകൾ ( ചരിത്രാതീതകാലത്തെ ജീവിതത്തെ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ സൃഷ്ടിക്കുന്ന കലാകാരൻമാർ) 3D മോഡൽ സൃഷ്ടിക്കുകയായിരുന്നു.

ഏകദേശം 40,000 വർഷങ്ങൾക്ക് മുൻപ് വംശനാശം സംഭവിച്ച പുരാതന മനുഷ്യസമൂഹത്തിന്റെ കാര്യങ്ങൾ പരിശോധിക്കുന്ന നെറ്റ്ഫ്ലിക്സിന് വേണ്ടി ബി ബി സി സ്റ്റുഡിയോ ചിത്രീകരിച്ച ‘സീക്രട്സ് ഓഫ് ദി നിയാണ്ടർതാൽസ്’ എന്ന ഡോക്യൂമെന്ററിയിലാണ് സ്ത്രീയുടെ രൂപം ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

2015ൽ കുർദിഷ് അധികൃതരുടെ ക്ഷണപ്രകാരമാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ ഷാനിദറിൽ വീണ്ടും പരിശോധന നടത്തിയത്. തുടർന്ന് പ്രാദേശിക അധികാരികളുടെ അനുമതിയോടെ തലയോട്ടി യുകെയിലേക്ക് കൊണ്ടുവരികയായിരുന്നു. ഒരുവർഷമെടുത്താണ് ശാസ്ത്രജ്ഞർ തകർന്നിരുന്ന തലയോട്ടി പുനഃക്രമീകരിച്ചത്.

പുനർനിർമ്മിച്ച തലയോട്ടി പിന്നീട് സ്കാൻ ചെയ്യുകയും ഡച്ച് കലാകാരന്മാരായ അഡ്രി, അൽഫോൺസ് കെന്നിസ് എന്നിവർക്ക് ഒരു 3D പ്രിൻ്റ് നൽകുകയുമായിരുന്നു. നാല്പതുകളുടെ മധ്യത്തിൽ മരിച്ച സ്ത്രീയുടെ തലയോട്ടി ആയിരുന്നിരിക്കാം തങ്ങൾക്ക് ലഭിച്ചതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ജീർണിച്ച പല്ലുകളുടെ പരിശോധനയിൽനിന്നാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയാണ്ടർത്തലുകളെ നിലവിലെ മനുഷ്യസമൂഹവുമായി താരതമ്യപ്പെടുത്തുപോൾ അപരിഷ്കൃതരായിട്ടായിരുന്നു ശാസ്ത്രജ്ഞർ കണ്ടിരുന്നത്. എന്നാൽ ഷാനിദറിലെ കണ്ടെത്തലുകൾക്ക് ശേഷം ആ കാഴ്ചപ്പാടിന് രൂപാന്തരം സംഭവിച്ചിട്ടുണ്ട്.

നിയാണ്ടർത്താലുകളുടെ ശവസംസ്കാര ചടങ്ങുകൾ കുറിച്ച് നിരവധി തെളിവുകൾ ഷാനിദറിൽനിന്ന് കണ്ടെത്തിയിരുന്നു. ഉയരമുള്ള പാറകൾക്ക് സമീപമുള്ള ഇടുക്കുകളിലാണ് നിയാണ്ടർത്താലുകളെ അടക്കിയിരുന്നത്. ചില അസ്ഥികൂടത്തിലുടനീളം പൂമ്പൊടി ലഭിച്ചതിനാൽ നിയാണ്ടർത്തലുകളെ പൂക്കൾ കൊണ്ടാകാം സംസ്കരിച്ചിട്ടുണ്ടാവുക എന്ന സംശയം പോലും ഉണ്ടാക്കുന്നുണ്ട്.

ഒരുമതപരമോ ആത്മീയമോ ആയ രീതിയാകാം ഇതെന്നും വാദങ്ങളുണ്ട്. എന്നാൽ പിന്നീട് അവിടെ ഉണ്ടായിരുന്ന തേനീച്ചകളോ അല്ലെങ്കിൽ ശരീരത്തിന് മുകളിൽ വച്ചിരുന്ന പുഷ്പങ്ങളിൽനിന്നോ പൂമ്പൊടി അവശേഷിപ്പിച്ചതാകാനാണ് സാധ്യതയെന്നാണ് ബ്രിട്ടീഷ് സംഘം കരുതുന്നത്.