ദുരന്തഭൂമിയിൽ സുരേഷ് ഗോപി ; സാഹചര്യങ്ങൾ കേന്ദ്രത്തെ അറിയിക്കും

single-img
4 August 2024

കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വയനാട് ജില്ലയിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇന്ന് പുലർച്ചെയാണ് സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയത്.

സൈന്യം നിർമ്മിച്ച ബെയിലി പാലത്തിലൂടെ വാഹനത്തില്‍ കടന്നു പോയ സുരേഷ് ഗോപി മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയാണിപ്പോള്‍. പ്രദേശത്തെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം സംസാരിച്ചു.

ദുരന്ത വ്യാപ്തി കണ്ടറിഞ്ഞ് എല്ലാ വിവരങ്ങളും കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ദുരന്തം സംഭവിച്ച് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി വയനാട് സന്ദര്‍ശിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥര്‍ സുരേഷ് ഗോപിയോട് വിശദീകരിച്ചു.

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്‍റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു .