ഇടതുപക്ഷം ഇവിടുള്ളിടത്തോളം പൗരത്വ ഭേദഗതി നിയമം ഈ മണ്ണില്‍ നടപ്പാവില്ല: മുഖ്യമന്ത്രി

single-img
21 September 2022

ഇടതുപക്ഷം ഇവിടെ ഉള്ളിടത്തോളം കാലം പൗരത്വ ഭേദഗതി നിയമം ഈ മണ്ണിൽ നടപ്പാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് വാർത്താസമ്മേളനത്തിൽ സംസാരിക്കവെ പൗരത്വ ഭേദഗതി വിഷയത്തെ വീണ്ടും പൊടി തട്ടിയെടുക്കാനാണ് സംഘപരിവാറിന്‍റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ആഗസ്ത് മാസത്തിലാണ് പശ്ചിമ ബംഗാളിൽ പ്രതിപക്ഷ നേതാവുകൂടിയായ ബിജെപി നേതാവ് കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ട് പൗരത്വ നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ടത്. കോവിഡ് വാക്സിൻ ബൂസ്റ്റര്‍ ഡോസ് പ്രക്രിയ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ സാഹചര്യത്തിൽ കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസ് വിഷയം സാന്ദര്‍ഭികമായല്ലാതെ ഉദ്ധരിക്കുന്നത് നിഷ്കളങ്കമായി കാണാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിയമം ഭേദഗതി വിഷയത്തില്‍ ഒറ്റക്കാര്യമേ പറയാനുള്ളൂ. രാജ്യത്തെ ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്‍മാരായി കണക്കാക്കുന്ന ഈ നിയമം കേരളത്തില്‍ നടപ്പാവില്ല. ഇത് ഇടതുപക്ഷം നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. പൗരത്വ നിയമത്തെ എതിര്‍ക്കുന്ന കാര്യത്തില്‍ കേരളം ഒറ്റക്കെട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.