മെക്സിക്കൻ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വിജയം; ആദ്യ വനിതാ പ്രസിഡണ്ടായി ക്ലൗദിയ ഷെയിന്‍ബാം
മെക്സിക്കോയിൽ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഇടതു പാര്‍ട്ടിയായ മൊറേനയ്ക്ക്(MORENA) വന്‍ വിജയം. 58.3 ശതമാനം വോട്ടുകള്‍ നേടി ക്ലൗദിയ ഷെയിന്‍ബാം പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മെക്‌സിക്കോയുടെ ഇതുവരെയുള്ള ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത, പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നത്.
അറിയപ്പെടുന്ന മുന്‍ കാലാവസ്ഥ ശാസ്ത്രജ്ഞ കൂടിയായിരുന്ന ക്ലൗദിയ ഷെയിന്‍ബാം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും സജീവമായിരുന്നു. ഈ ജൂണ്‍ 2 ന് നടന്ന തെരഞ്ഞെടുപ്പില്‍ ഏകദേശം 10 കോടി ആളുകള്‍ വോട്ട് ചെയ്തതായാണ് കണക്കുകള്‍ വന്നത്. വിവിധ എക്‌സിറ്റ്‌പോള്‍ സര്‍വേകളും ഷെയിന്‍ബാമിന് അനുകൂലമായിരുന്നു.
ഷെയിന്‍ബാമിന്റെ പ്രധാന എതിരാളിയായിരുന്ന സൊചിതില്‍ ഗാല്‍വേസിന് 26.6 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്. പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി 2007ല്‍ നൊബേല്‍ സമ്മാനം നേടിയ ‘ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചി’ല്‍ അംഗം കൂടിയായിരുന്നു ക്ലൗദിയ ഷെയിന്‍ബാം.
2014-ല്‍ മൊറേന പാര്‍ട്ടി സ്ഥാപിച്ച പോപ്പുലിസ്റ്റ് നേതാവ് ആന്ദ്രേ ഒബ്രഡോറിന്റെ പാതയാണ് ഷെയിന്‍ബോമും പിന്തുടരുന്നത്. ഒബ്രഡോറിന് ലഭിച്ചിരുന്ന പിന്തുണയും ഷെയിന്‍ബോമിന് തുണയായി. പ്രായമായവര്‍, ഭര്‍ത്താവില്ലാത്ത മക്കള്‍ക്കൊപ്പം താമസിക്കുന്ന സ്ത്രീകള്‍ക്കുള്ള ധനസഹായം, രാജ്യത്തിന്റെ ദരിദ്രമായ പ്രദേശങ്ങളില്‍ മുന്‍നിര അടിസ്ഥാന സൗകര്യ പദ്ധതികള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഒബ്രഡോറിന്റെ നയങ്ങള്‍ തുടരുമെന്നും ഷെയിന്‍ബോം പറഞ്ഞിരുന്നു.