മാറിടത്തിൽ കയറിപ്പിടിച്ചു; അത് തനിക്ക് വലിയ ട്രോമയാണ് സമ്മാനിച്ചതെന്ന് നടൻ പ്രശാന്ത് അലക്സാണ്ടർ


സ്കൂളിൽ കാലത്തിൽ സീനിയേഴ്സ് തന്റെ മാറിടത്തിൽ കയറിപ്പിടിച്ചുവെന്നും ഈ സംഭവം തനിക്ക് വലിയ ട്രോമയാണ് സമ്മാനിച്ചതെന്നും നടൻ പ്രശാന്ത് അലക്സാണ്ടർ . വിനോദ ചാനലായ എബിസി സിനി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ വെളിപ്പെടുത്തലുകൾ.
സിനിമകളുടെ ലൊക്കേഷനുകളിൽ ഉണ്ടാകുന്ന ദുരനുഭവങ്ങൾ എന്തുകൊണ്ട് അഭിനേത്രികൾ തുറന്നു പറയുന്നില്ലെന്ന് ചോദിച്ചാൽ അവരുടെ മാനസിക അവസ്ഥയാണത്. ഇത്തരം സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് ചിലപ്പോൾ അവർക്ക് അറിയില്ലായിരിക്കും.
അത്തരത്തിലുള്ള അവസ്ഥയിലൂടെ കടന്നു പോകുന്നത് ജീവിതത്തിൽ ആദ്യമായിരിക്കുമെന്നും പ്രശാന്ത് പറയുന്നുണ്ട്. “ചെറുപ്പത്തിൽ നല്ല വണ്ണം ഉണ്ടായിരുന്നു എനിക്ക്. നമ്മൾ പഠിക്കുന്ന ക്ലാസുകളിൽ ഇരുന്നല്ലല്ലോ പരീക്ഷകൾ എഴുതുന്നത്. ഈ സമയം സീനിയേഴ്സ് നമുക്കൊപ്പം ഉണ്ടാകും. രണ്ട് സൈഡിലും പത്താം ക്ലാസിലെ ചേട്ടന്മാരും നടുക്ക് ഏഴാം ക്ലാസിലെ ഞാനും. എന്നെ കാണുന്നതും അവരെന്റെ മാറിടത്തിൽ കേറിപ്പിടിക്കും.
നല്ലതുപോലെ വണ്ണം ഉള്ളവരെ കാണുമ്പോൾ അവർക്ക് ഒരു സന്തോഷം. ആദ്യദിവസം അവരെന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലായില്ല. വേദനിച്ച് തുടങ്ങിയപ്പോഴാണ് ഇത് സ്നേഹമല്ല അവരുടെ തമാശയാണെന്ന് മനസിലായത്. എനിക്ക് പിന്നീട് പരീക്ഷ എഴുതാൻ പേടിയായി. ആ ക്ലാസിനകത്ത് പരീക്ഷ എഴുതാൻ പോകണമല്ലോ എന്ന പേടി. ഇക്കാര്യം പറയാൻ വേണ്ടി സ്റ്റാഫ് റൂം വരെ നടക്കും.
എന്നാൽ വേറെ കുറെ കാര്യങ്ങൾ ആകും എന്റെ മനസിൽ. പിന്നീട് ഉണ്ടാകുന്ന കാര്യങ്ങളെ പറ്റി. അതുകൊണ്ട് പറയില്ല. ചേട്ടന്മാർ ഇതാവർത്തിക്കുമ്പോൾ ഞാൻ അത് സഹിക്കുമായിരുന്നു. ഇതെനിക്ക് വലിയൊരു ട്രോമയാണ് നൽകിയത്. ഞാൻ വീക്ക് അല്ലെന്ന് കാണിക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്വം ആയിരുന്നു.
അങ്ങനെ ശ്രമിച്ച് ശ്രമിച്ച് ആ സ്കൂളിലെ ലീഡർ ആയിട്ടാണ് ഇറങ്ങിയത്. എന്ന് കരുതി ഞാൻ ലീഡറായപ്പോൾ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടോ എന്ന് പോയി നോക്കിയിട്ടൊന്നും ഇല്ല. പക്ഷേ എന്നെ ഞാൻ ബോൾഡാക്കി എടുത്തു”, – പ്രശാന്ത് പറഞ്ഞു.