പേ വിഷ വാക്‌സിൻ; ആരോഗ്യമന്ത്രിയെ തിരുത്തി മുഖ്യമന്ത്രി; വിദഗ്ധ സമിതിയെ നിയോഗിക്കും

single-img
30 August 2022

പേ വിഷ വാക്‌സിന്റെ ഫലപ്രാപ്തിയുടെ കാര്യത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിനെ നിയമസഭയില്‍ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിനെ സംബന്ധിച്ചുള്ള ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.

വാക്‌സിന്റെ ഗുണമേന്മ പരിശോധിക്കാൻ ആരോഗ്യ വകുപ്പ് ഇതിനായി സമിതിയെ നിയോഗിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ‘പേവിഷ ബാധയേറ്റ് കുറച്ച് മരണം സംഭവിച്ചപ്പോള്‍ സമൂഹത്തില്‍ ആശങ്കയുണ്ടായിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പിനെ കുറിച്ച് പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണം. നടപടി ആരോഗ്യ വകുപ്പ് സ്വീകരിക്കും.’ മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, നിലവിൽ നൽകുന്ന വാക്‌സിന്റെ ഗുണനിലവാരം ഉറപ്പാക്കിയിട്ടുണ്ടെന്നായിരുന്നു പി കെ ബഷീര്‍ എംഎല്‍എയുടെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടിയായി വീണാ ജോര്‍ജ് പറഞ്ഞത്. പേവിഷ ബാധക്കെതിരെ നൽകുന്ന ഐഡിആര്‍വിയും ഇമ്യൂണോ ഗ്ലോബലിനും കെഎംസിഎല്‍ മുഖേനയാണ് ലഭ്യമാക്കുന്നത്. ഇവയ്ക്ക് കേന്ദ്ര ലബോറട്ടറിയുടെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ഉള്ളതാണ്. ഇവയുടെ സംഭരണത്തിലും വിതരണത്തിലും കൃത്യമായിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നായിരുന്നു വീണാ ജോര്‍ജ് സഭയെ അറിയിച്ചത്.

മാത്രമല്ല, വൈറസ് വളരെ പെട്ടെന്ന് തലച്ചോറിനെ ബാധിക്കുന്നത് കൊണ്ടാണ് വാക്‌സിന്‍ എടുത്തിട്ടും പേവിഷ ബാധ മരണം സംഭവിക്കുന്നതെന്നും വീണാ ജോര്‍ജ് നിയമസഭയെ അറിയിച്ചിരുന്നു.