മുഖ്യമന്ത്രിക്ക് പിവി അന്‍വര്‍ എംഎല്‍എയെ പേടി: കെ സുരേന്ദ്രൻ
മുഖ്യമന്ത്രി പിണറായി വിജയന് പിവി അന്‍വര്‍ എംഎല്‍എയെ പേടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിവി അൻവർ ഉയർത്തിയ ആരോപണങ്ങളില്‍ മുഖ്യമന്ത്രി മൗനം വെടിയാന്‍ തയാാറാകണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കേരളത്തിൽ ബിജെപിയോടും ആര്‍എസ്എസിനോട് രാഷ്ട്രീയ അയിത്തം സൃഷ്ടിക്കാനാണ് ഇപ്പോൾ നടക്കുന്ന ശ്രമം. അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരാന്‍ മുഖ്യമന്ത്രിക്ക് മാത്രമല്ല പ്രതിപക്ഷ നേതാവിനും താത്പര്യമില്ലെന്നും കെ സുരേന്ദ്രന്‍ ഒരു ചാനലിൽ സംസാരിക്കവെ പറഞ്ഞു.
അതേപോലെ തന്നെ, ഒരു രാഷ്ട്രീയ നിരീക്ഷകനെതിരെ പി വി അന്‍വര്‍ കഴിഞ്ഞ ദിവസം നടത്തിയ മോശം പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ ആരും തന്നെ ചര്‍ച്ച ചെയ്യുന്നില്ലെന്ന് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ആര്‍എസിഎസിനോട് രാഷ്ട്രീയ അയിത്തം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് മുന്നില്‍ നില്‍ക്കുന്നത്.
എന്നാൽ അദ്ദേഹത്തിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞ് പാളീസായിരിക്കുകയാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്ന പി വി അന്‍വറും വിശുദ്ധനല്ല. അദ്ദേഹത്തിനെതിരായ അഴിമതി ആരോപണങ്ങള്‍ കേരളം ചര്‍ച്ച ചെയ്തതാണ്. എല്ലാ ആരോപണങ്ങളിലും അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാരിനോ പ്രതിപക്ഷത്തിനോ താത്പര്യമില്ലെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.