അജിത് കുമാറിനെയും, പി ശശിയെയും തൊട്ടാല്‍ എന്ത് സംഭവിക്കുമെന്ന് അറിയുന്ന ഏക വ്യക്തി മുഖ്യമന്ത്രിയാണ്: പിവി അൻവർ

single-img
6 October 2024

സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള രൂക്ഷമായ വിമർശനങ്ങൾ വീണ്ടും ഉയര്‍ത്തി പി വി അന്‍വര്‍ എംഎൽഎ . എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെസംസഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് വന്നശേഷം നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും നടപടിയില്ല. മുഖ്യമന്ത്രിയുടേത് വാശിപിടിച്ച തീരുമാനമാണെന്നും അന്‍വര്‍ ഇന്ന് തന്റെ പുതിയ രാഷ്ട്രീയ കൂട്ടായ്മയുടെ നയ വിശദീകരണ യോഗത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് വകുപ്പും ഭരിക്കുന്നത് അജിത് കുമാറാണ്. പൊലീസ് ആസ്ഥാനത്ത് അജിത് കുമാറിന്റെ സംഹാര താണ്ഡവമാണ് നടക്കുന്നത് . എഡിജിപിയെ ഒരു കസേരയില്‍ നിന്ന് വേറെ കസേരയില്‍ ഇരുത്തിയിട്ട് ഒരു കാര്യവുമില്ലെന്നും സര്‍ക്കാരിന്റെ മോശപ്പെട്ട പ്രവര്‍ത്തികളാണ് വിളിച്ചു പറഞ്ഞതെന്നും അൻവർ പറഞ്ഞു .

കരിപ്പൂര്‍ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് എഡിജിപി അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും നേതൃത്വം നല്‍കിയ കള്ളക്കടത്ത് സംഘത്തിന്റെ പ്രവര്‍ത്തനങ്ങളാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ പരാതിയായി നല്‍കിയത്. റിദാന്‍ വധക്കേസും മാമി തിരോധാന കേസും അടക്കം സര്‍ക്കാരിന് പരാതി നല്‍കി. പരാതി അന്വേഷിക്കാന്‍ എസ്‌ഐടിയെ നിയോഗിച്ചു.

തൃശൂരിൽ പൂരം കലക്കുകയും കലക്കിക്കുകയും ചെയ്തു. അതിന്റെ പിന്നില്‍ എജിഡിപി അജിത് കുമാറിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നു. ബിജെപിക്ക് സീറ്റ് വാങ്ങിക്കൊടുക്കാനുള്ള ഗൂഢാലോചന. അജിത് കുമാറിനെതിരായ സാമ്പത്തിക ക്രമക്കേടിലും അന്വേഷണമില്ല. അജിത് കുമാറിനെയും, പി ശശിയും തൊട്ടാല്‍ എന്ത് സംഭവിക്കുമെന്ന് അറിയുന്ന ഏക വ്യക്തി മുഖ്യമന്ത്രിയാണ്’, പി വി അന്‍വര്‍ കൂട്ടിച്ചേർത്തു.