സർക്കാരിനെതിരെ വരുന്ന പിപ്പിടികളൊന്നും കാര്യമാക്കില്ല; മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി

single-img
17 October 2022

സംസ്ഥാനത്തെ സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സർവകലാശാലകളുടെ കാര്യം പറയുമ്പോള്‍ ചില തര്‍ക്കങ്ങള്‍ ഓര്‍ക്കും. സംസ്ഥാന സര്‍ക്കാര്‍ ആ മേഖലയില്‍ ഇടപെടുമ്പോള്‍ ചില പിപ്പിടികള്‍ സര്‍ക്കാരിനെതിരെ വരും.

എന്നാൽ അതൊന്നും കാര്യമാക്കേണ്ട. സര്‍ക്കാര്‍ അതൊന്നും നോക്കില്ല, മുന്നോട്ടുതന്നെ പോകുകയും ചെയ്യും ഗവര്‍ണര്‍ക്കുള്ള മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇടതുമുന്നണി അധികാരത്തിൽ വന്ന 2016 മുതലുള്ള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചെന്നും അതു കൊണ്ടാണ് തുടര്‍ ഭരണം ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരെ എന്തൊക്കെ ദുഷ് പ്രചരണങ്ങള്‍ ഉണ്ടായി. എന്നിട്ടും കൂടുതല്‍ സീറ്റോടെ തുടര്‍ ഭരണം നേടി. അതൊരു സന്ദേശമായിരുന്നു.

സാധാരണക്കാരായ ജനങ്ങള്‍ ഏല്‍പിച്ച ഉത്തരവാദിത്വം സര്‍ക്കാര്‍ നന്നായി നിര്‍വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.25 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്. മധ്യവരുമാനമുള്ള രാഷ്ട്രങ്ങളുടെ ജീവിത നിലവാരത്തിലേക്ക് ഉയര്‍ത്തുക ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.