വി സിയെ മാറ്റാൻ ഗവർണർക്ക് അധികാരമില്ല: മുഖ്യമന്ത്രി
ഗവർണർക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചാൻസലർ കൂടെയായ ഗവർണർ നിയമവും നീതിയും മറക്കുകയാണ്. ഇല്ലാത്ത അധികാരമാണ് വിനിയോഗിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഗവർണറുടേത് നശീകരണ ബുദ്ധിയോടെയുള്ള യുദ്ധമാണ്. ഒൻപത് സർവകലാശാലകളുടെയും നിയമന അധികാരി ഗവർണറാണ്. നിയമനം ചട്ടവിരുദ്ധമെങ്കിൽ അതിനു ഉത്തരവാദി ഗവർണർ തന്നെയാണ്. ആദ്യം ഒഴിയേണ്ടത് വിസിമാരാണോയെന്ന് ഗവർണര്‍ ചിന്തിക്കണം- മുഖ്യമന്ത്രി ചോദിച്ചു.
കെടിയു വൈസ് ചാൻസലർ നിയമനം സുപ്രീം കോടതി റദ്ദാക്കിയ ഉത്തരവ് സാങ്കേതികം മാത്രമാണ്. അതിൽ അപ്പീൽ സാധ്യതയുണ്ട്. സുപ്രീം കോടതി ഉത്തരവ് മറ്റു വിസിമാർക്ക് ബാധകമല്ല. പൊതുവായ വിധിയല്ല അത്. വിസിയെ നീക്കുന്നതിന് കൃത്യമായി പാലിക്കേണ്ട മാനദണ്ഡങ്ങളുണ്ട്. ചാൻസലർക്ക് വിസിയെ പിരിച്ചുവിടാൻ വ്യവസ്ഥയില്ല. അവരോട് രാജി ആവശ്യപ്പെടാൻ ഗവർണർക്ക് നിയമപരമായി അധികാരമില്ല’’– മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കൂടാതെ വി സിമാര്‍ രാജിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തത വരുത്തി. ഗവര്‍ണറുടെ അമിത അധികാര പ്രവണത ഒരു കാരണവശാലും അനുവദിക്കില്ല. ഗവര്‍ണര്‍ ക്ഷുദ്രശക്തികള്‍ക്ക് കൂട്ടുനില്‍ക്കരുതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.