കുടുംബാംഗങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം: വിഡി സതീശൻ


മകൾ വീണാ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.ആരോപണങ്ങളല്ല, ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലുകളാണ് പുറത്തുവന്നതെന്നും കുടുംബാംഗങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
മാസപ്പടി ഉള്‍പ്പെടെ ഇതിനോടകം ധാരാളം അഴിമതി ആരോപണങ്ങള്‍ ഉയർന്നിട്ടും പ്രതിപക്ഷത്തിനോടോ മാധ്യമങ്ങളോടോ സംസാരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. അങ്ങനെയുള്ള മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലുള്ളവരാണ് യുഡിഎഫിനെ സംവാദത്തിന് വിളിക്കുന്നത്. എന്തിനാണ് സംവാദത്തിന് പോകുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഇതോടൊപ്പം മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരെ സിപിഎം ഉയർത്തിയ ആരോപണങ്ങളോടും സതീശൻ പ്രതികരിച്ചു.മാത്യു കുഴല്‍നാടന്‍ ഒറ്റയ്ക്കല്ലെന്നും അദ്ദേഹത്തെ പാര്‍ട്ടി സംരക്ഷിക്കുമെന്നും സതീശൻ പറഞ്ഞു. ഡിവൈഎഫ്‌ഐ മാത്യു കുഴൽനാടനെ തടഞ്ഞാല്‍ കോണ്‍ഗ്രസ് പ്രതിരോധിക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേർത്തു.