കേന്ദ്ര അവഗണനക്കെതിരെ ഡൽഹിയിൽ സമരം ചെയ്യാൻ പ്രതിപക്ഷത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു; ആലോചിക്കണമെന്ന് വിഡി സതീശൻ

single-img
15 January 2024

കേരളത്തിനോടുള്ള കേന്ദ്ര സർക്കാർ കാട്ടുന്ന അവഗണനക്കെതിരെ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ സമരം ചെയ്യാൻ പ്രതിപക്ഷത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. ഇന്ന് വൈകിട്ട് ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തോടും സമരത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരാണെന്ന് കുറ്റപ്പെടുത്തിയാണ് മുഖ്യമന്ത്രി ഈ ആവശ്യം മുന്നോട്ട് വച്ചത്.

അതേസമയം കേരളത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം കേന്ദ്ര സർക്കാരല്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, ചില പ്രശ്നങ്ങൾക്ക് മാത്രമാണ് കേന്ദ്ര സർക്കാർ കാരണക്കാരെന്നും പറഞ്ഞു. ദില്ലിയിൽ സമരം ചെയ്യാൻ വരണോയെന്നത് മുന്നണിയിൽ ആലോചിച്ച് പറയേണ്ട കാര്യമാണെന്നും അദ്ദേഹം യോഗത്തിൽ നിലപാടെടുത്തു. സംസ്ഥാന സർക്കാരിന്റെ ധൂർത്തും കൃത്യമായി നികുതി പിരിച്ചെടുക്കാത്തതും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.

കേന്ദ്ര അവഗണനക്കെതിരെ ഡൽഹിയിലെ പാർലമെൻറിന് മുന്നിലാണ് സർക്കാരും സിപിഎമ്മും സമരം പ്രഖ്യാപിച്ചത്. ഭരണ-പ്രതിപക്ഷ സമരം കൂടുതൽ ഫലപ്രദമാകുമെന്ന് മുഖ്യമന്ത്രി ഇന്ന് യോഗത്തിൽ പറഞ്ഞു. എന്നാൽ മുന്നണിയിൽ ആലോചിച്ച് മറുപടി പറയാമെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സ്വീകരിച്ചത്. സംസ്ഥാന സർക്കാറുമായി വലിയ രാഷ്ട്രീയ ഏറ്റുമുട്ടൽ നടക്കുമ്പോൾ കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിന് യുഡിഎഫ് കൈകൊടുക്കാൻ സാധ്യത കുറവാണ്.