മോദിക്കെതിരേ പ്രസംഗിക്കാന്‍ ഭയമുള്ളതിനാൽ മുഖ്യമന്ത്രി വിദേശത്തേക്കു മുങ്ങി: കെ സുധാകരന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പ്രസംഗിക്കാന്‍ ഭയമുള്ളതുകൊണ്ടാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ നാലാം ഘട്ടം തെരഞ്ഞെടുപ്പുകൂടി ബാക്കിയുള്ളപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തേക്കു മുങ്ങിയതെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മത്സരിക്കുന്ന സി പി എം സ്ഥാനാര്‍ത്ഥികള്‍ക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകാതെ മുഖ്യമന്ത്രി മുങ്ങിയത് സ്വന്തം പാര്‍ട്ടിക്കാരോടു ചെയ്ത കൊടുംചതിയാണ്. പല സംസ്ഥാനങ്ങളിലും സി പി എം സ്ഥാനാര്‍ത്ഥികള്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായി ബി ജെ പിക്കെതിരേ മത്സരിക്കുന്നുണ്ട്. അവർക്കായി എല്ലായിടത്തും പ്രചാരണം നടത്തുന്ന് കോണ്‍ഗ്രസാണ്.
കോണ്‍ഗ്രസ് കാണിക്കുന്ന ഈ സാമാന്യമര്യാദ പോലും പൊളിറ്റ് ബ്യൂറോ അംഗവും സി പി എമ്മിന്റെ രാജ്യത്തെ ഏക മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ സ്വന്തം പാര്‍ട്ടിക്കാരോട് കാട്ടിയില്ലെന്നും സുധാകരൻ പറഞ്ഞു.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും ഇതുപോലെ അതീവരഹസ്യമായി വിദേശയാത്ര നടത്തിയിട്ടില്ല.
2005 ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദാവോസില്‍ സാമ്പത്തിക ഉച്ചകോടിയില്‍ പ്രസംഗിക്കാന്‍ പോയപ്പോള്‍ അന്ന് ധനമന്ത്രി വക്കം പുരുഷോത്തമന് ചുമതല കൈമാറിയിരുന്നു. മന്ത്രിസഭയിലെ മരുമകനൊഴികെ മറ്റാരെയും വിശ്വാസമില്ലാത്തതുകൊണ്ടാണോ, അതോ അവരൊക്കെ കഴിവുകെട്ടവരായതു കൊണ്ടാണോ ചുമതല കൈമാറാതിരുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
കടുത്ത വേനല്‍ച്ചൂട്, അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി, ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളെല്ലാം മുടങ്ങിയ അവസ്ഥ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാരിന്റെ വരുമാനത്തില്‍ 10,302 കോടിയുടെ ഇടിവ്. ഇതൊന്നും മുഖ്യമന്ത്രിക്ക് പ്രശ്‌നമല്ല. 10 ലക്ഷം പേര്‍ ഡ്രൈവിംഗ് ടെസ്റ്റിനു കാത്തിരിക്കുമ്പോഴാണ് മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും വിദേശത്ത് പോയത്. ഗതാഗത കമ്മീഷണര്‍ അവധിയിലും. ഇതുപോലെയുള്ള ഭരണസ്തംഭനമാണ് എല്ലാ വകുപ്പുകളിലും കാണുന്നത്.
കേരളത്തിലെ ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ വകുപ്പിന്‍റെ ചുമതലയെങ്കിലും ഏതെങ്കിലും മന്ത്രിക്കു നല്‍കാനുള്ള വിവേകം മുഖ്യമന്ത്രി കാട്ടണമായിരുന്നു. മന്ത്രിസഭായോഗം പോലും റദ്ദാക്കി. മുഖ്യമന്ത്രിയുടെ യാത്രയുടെ സാമ്പത്തിക ഉറവിടം എന്താണ്? ആരാണിത് സ്‌പോണ്‍സര്‍ ചെയ്യുന്നത്? സംസ്ഥാന സര്‍ക്കാരാണെങ്കില്‍ അതു വ്യക്തമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.