എഐ ക്യാമറ ഇടപാടില്‍ മുഖ്യമന്ത്രിയുടെ ന്യായീകരണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാൻ; കെ സുധാകരന്‍

single-img
21 May 2023

എഐ ക്യാമറ ഇടപാടില്‍ മുഖ്യമന്ത്രിയുടെ ന്യായീകരണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

സര്‍ക്കാരിലെ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ച്‌ ന്യായീകരിക്കുന്നത് നാണക്കേട്. ക്യാമറ ഇടപാടില്‍ നട്ടെല്ലുണ്ടെങ്കില്‍ സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വകുപ്പിലെ ഉദ്യോഗസ്ഥനെക്കൊണ്ട് സര്‍ക്കാരിനെതിരായ ഗുരുതരമായ ആരോപണങ്ങള്‍ അന്വേഷിക്കുകയെന്നത് പരിഹാസ്യമാണെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ടക്കേസില്‍ കുറ്റം കോളജ് പ്രിന്‍സിപ്പലില്‍ മാത്രം ഒതുക്കരുത്. എസ്‌എഫ്‌ഐ നേതാക്കളെയും പ്രതി ചേര്‍ക്കണം.

പ്രിന്‍സിപ്പല്‍ കോണ്‍ഗ്രസ് നേതാവായതില്‍ ലജ്ജിക്കുന്നു. എസ്‌എഫ്‌ഐയുടെ ആള്‍മാറാട്ടക്കേസ് പ്രിന്‍സിപ്പലില്‍ മാത്രം ഒതുക്കാന്‍ നീക്കമുണ്ടായാല്‍ കോടതിയെ സമീപിക്കുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ ഉദ്യോഗസ്ഥരെ തടഞ്ഞത് കെ സുധാകരന്‍ ന്യായീകരിച്ചു. സമരം നടക്കുമ്ബോള്‍ ഉദ്യോഗസ്ഥരെ തടയുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആരെയും കയ്യേറ്റം ചെയ്തില്ലല്ലോ. ആരെയും തെറിവിളിച്ചില്ല. അതേസമയം സിപിഎമ്മാണ് സമരം നടത്തിയതെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്നും കെ സുധാകരന്‍ ചോദിച്ചു.