എല്ലാത്തിലും ഒന്നാം പ്രതി പിണറായി, മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ കള്ളക്കടത്തുകാരുടെയും താവളം: രമേശ് ചെന്നിത്തല

single-img
24 September 2024

എല്ലാത്തിൻ്റെയും ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ കള്ളക്കടത്തുകാരുടെ താവളമാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുമുന്നണിയിലെ ഘടക കക്ഷിയായ സിപിഐക്ക് മുഖ്യമന്ത്രിയെ കാണുമ്പോൾ അഭിപ്രായമില്ലാതാകുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

എഡിജിപി നൽകിയ റിപ്പോർട്ട് ആരാണ് വിശ്വസിക്കുകയെന്നും സംസ്ഥാന പോലീസ് മേധാവി എന്തുകൊണ്ട് റിപ്പോർട്ട് മടക്കുന്നില്ലെന്നും ചെന്നിത്തല ചോദ്യമുന്നയിച്ചു. എഡിജിപി അജിത്ത് കുമാർ ആരോപണ വിധേയനാണ്. മുഖ്യമന്ത്രിക്ക് ശശിയെ സംരക്ഷിക്കേണ്ടി വരുമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ഇത്തവണത്തെ തൃശൂർ പൂരം കലക്കിയതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയെന്ന് എഡിജിപി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എഡിജിപി സമർപ്പിച്ച റിപ്പോർട്ടിൽ തൃശൂർ പൂരം അലങ്കോലപ്പെടാൻ കാരണമായ സംഭവ വികാസങ്ങളിൽ അന്ന് സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകൻ്റെ പരിചയക്കുറവും, കർക്കശമായ പെരുമാറ്റവും മൂലമുള്ള വീഴ്ചയെ കുറിച്ചുമാണ് പ്രതിപാദിക്കുന്നത്.

അതേസമയം, സംഭവ സമയത്ത് പൂരനഗരിയിലേക്ക് ആംബുലൻസിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി വന്നിറങ്ങിയത് സംബന്ധിച്ച് ഇൻ്റലിജൻസ് റിപ്പോർട്ടിൽ പരാമർശമുണ്ടെങ്കിലും, അത് എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നില്ല.