തീരദേശ ജല ഗുണനിലവാര സൂചിക; കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത്
കേന്ദ്ര തീരദേശ ജല ഗുണനിലവാര സൂചിക പട്ടികയിൽ കേരളം ഒന്നാം സ്ഥാനത്ത്. കേന്ദ്ര സ്ഥിതി വിവര കണക്ക് മന്ത്രാലയം ഇന്ന് പുറത്തിറക്കിയ എൻവിസ്റ്റാറ്റ്സ് 2024 റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. തീരങ്ങളുടെ ശുചിത്വം അടക്കമുള്ള കാര്യങ്ങളിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളമെന്ന് ഇതിൽ പറയുന്നു.
ശുചിത്വത്തിന്റെ കാര്യത്തിൽ കേരളം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മെച്ചപ്പെട്ടിരിക്കുന്നു എന്നും കണക്കുകൾ വ്യക്തമാക്കുന്നു. CWQI അഥവാ കനേഡിയൻ വാട്ടർ ക്വാളിറ്റി ഇൻഡക്സിനെ അടിസ്ഥാനമാക്കിയാണ് തീരമേഖലയിലെ ശുചിത്വം കണക്കാക്കുന്നത്. മൂന്ന് വ്യത്യസ്ത തീരപ്രദേശങ്ങളിൽ നിന്നെടുത്ത ജലസാംപിളുകൾ ശേഖരിച്ച് നടത്തിയ പഠനത്തിൽ ശുചിത്വത്തിൽ കേരളം ഏറെ മുന്നിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
തീരമേഖലയിൽ നിന്ന് ഒരു കിലോ മീറ്റർ അകലെ വരെയുള്ള മേഖലയിലെ ജലത്തിന്റെ ശുദ്ധി കണക്കാക്കിയതിലും കേരളം തന്നെയാണ് ഒന്നാമത്. 74 ആയിരുന്നു കേരളത്തിന് ലഭിച്ച CWQI സ്‌കോർ. രണ്ടാം സ്ഥാനത്തുള്ള കർണാടകയുടെ സ്‌കോർ 65 ഉം മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തിന്റെ സ്കോർ 60 ഉം ആണ്.
തീരമേഖലയിൽനിന്ന് 5 കിലോ മീറ്റർ വരെ അകലെയുള്ള പ്രദേശത്തെ വെള്ളത്തിന്റെ ഗുണനിലവാരത്തിലും കേരളം ബഹുദൂരം മുന്നിലാണ്. 79 പോയിന്റാണ് ഇതിൽ കേരളത്തിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള കർണാടകത്തിന് 73 പോയിന്റാണ്. 67 പോയിന്റുകളുമായി തമിഴ്നാടും ഗോവയുമാണ് മൂന്നാമത്.