അങ്കണവാടിയിലെ അടുക്കളയിലെ പാല്‍ പാത്രത്തിനടുത്ത് രാജവെമ്പാല


കൊട്ടിയൂര്‍: കണ്ണൂർ കൊട്ടിയൂരിൽ അങ്കണവാടിയിൽ രാജവെമ്പാല. ഒറ്റപ്ലാവ് ഈസ്റ്റിലെ അങ്കണവാടിയിലാണ് ഇന്നലെ വൈകീട്ട് രാജവെമ്പാലയെ കണ്ടത്. മഴ കാരണം കുട്ടികളെ നേരത്തെ വിട്ടിരുന്നു. ഹെൽപ്പർ അടുക്കള വൃത്തിയാക്കുമ്പോൾ പാൽപ്പാത്രത്തിനടുത്ത് അനക്കം കണ്ട് നോക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. വനം വകുപ്പ് എത്തി പാമ്പിനെ പിടികൂടി. കുട്ടികള്‍ ഇല്ലാതിരുന്നാല്‍ വലിയ അപകട സാഹചര്യമാണ് ഒഴിവായത്.
സമാനമായ മറ്റൊരു സംഭവത്തില്‍ ദേശമംഗലത്ത് വീട്ടുമുറ്റത്ത് നിന്നും മലപാമ്പിനെ പിടികൂടി. ദേശമംഗലം തലശ്ശേരി തെക്കെ വയ്യാട്ട് കാവിൽ നൗഫലിന്റെ വീട്ട് മുറ്റത്തെ ചെടികൾക്കിടയിലാണ് 8 അടിയോളം നീളമുള്ള മലമ്പാമ്പിനെ കണ്ടത്. നാട്ടുകാർ പാമ്പിനെ പിടികൂടി ഫോറസ്റ്റ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ജൂലൈ രണ്ടാ വാരത്തില്‍ കണ്ണൂര്‍ കേളകത്തും കൊട്ടിയൂരിലുമായി രണ്ട് രാജവെമ്പാലകളെ പിടികൂടിയിരുന്നു. കേളകം പൂക്കുണ്ട് കോളനിക്കടുത്ത് റോഡിൽ നിന്നാണ് ഒരു രാജവെമ്പാലയെ പിടികൂടിയത്. കൊട്ടിയൂർ പന്നിയാംമലയിലെ പൊട്ടക്കിണറ്റിലാണ് ഒരു രാജവെമ്പാലയെ കണ്ടെത്തിയത്. കിണറ്റിലെ മാളത്തിൽ കയറിയ രാജവെമ്പാലയെ മാളം പൊളിച്ച് പുറത്തെത്തിച്ച് പിടികൂടുകയായിരുന്നു.
പന്നിയാം മലയിലെ സ്വകാര്യ വ്യക്തിയുടെ പൊട്ടകിണറ്റിലും രാജവെമ്പാലയെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് വനപാലകരും റെസ്‌ക്യൂ ടീം അംഗങ്ങളും രാജവെമ്പാലയെ പിടികൂടാൻ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ല. അടുത്ത ദിവസം രാവിലെ കിണറിനുള്ളിലെ മാലിന്യത്തിന് മുകളിൽ പാമ്പ് കിടപ്പുണ്ടെന്ന വിവരം ലഭിച്ചതോടെ വനംവകുപ്പിലെ താല്കാലിക ജീവനക്കാരൻ ബിനോയ് കൂമ്പുങ്കൽ, റെസ്‌ക്യൂ ടീം അംഗങ്ങളായ തോമസ്,ഫൈസൽ വിളക്കോട് എന്നിവർ സ്ഥലത്തെത്തി. കമ്പുകൾ ഉപയോഗിച്ച് പാമ്പിനെ പുറത്തെത്തിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ പാമ്പ് കിണറ്റിലെ മാളത്തിൽ കയറിയതോടെ റസ്‌ക്യൂ അംഗങ്ങൾ മാളം പൊളിച്ച് കമ്പുകൾ ഉപയോഗിച്ച് പാമ്പിനെ പുറത്തെത്തിച്ച് പിടികൂടുകയായിരുന്നു. കേളകം പഞ്ചായത്തിൽ പൂക്കുണ്ട് കോളനിക്ക് സമീപം പാലത്തിങ്കൽ സാജൻ്റെ വീടിന് മുൻവശത്തെ റോഡിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി ആർ മഹേഷിന്റെ നിർദ്ദേശത്തെ തുടർന്ന് റെസ്‌ക്യൂ അംഗം ഫൈസൽ വിളക്കോട്, വാച്ചർ കുഞ്ഞുമോൻ കണിയാംഞ്ഞാലിൽ എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്.