മണിപ്പൂരിൽ ‘കോം’ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണം; അമിത് ഷായ്ക്ക് കത്തെഴുതി മേരി കോം


മണിപ്പൂരിൽ തുടരുന്ന വർഗീയ കലാപത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യൻ ബോക്സിംഗ് ഇതിഹാസം എം.സി മേരി കോം. സംസ്ഥാനത്തെ ‘കോം’ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി പ്രശ്നങ്ങൾ വിശദീകരിച്ച് അമിത് ഷായ്ക്ക് കത്തയച്ചു.
മണിപ്പൂരിലുള്ള ഒരു തദ്ദേശീയ ഗോത്രമാണ് ‘കോം’ സമുദായം. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളിൽ ഏറ്റവും ചെറുത്. ‘കോം’ സമൂഹം ‘കുക്കി’, ‘മെയ്തേയ്’ സമുദായങ്ങൾക്കിടയിൽ ചിതറിക്കിടക്കുന്നു. നിലവിൽ സംഘർഷങ്ങൾക്ക് നടുവിൽ അകപ്പെട്ടിരിക്കുകയാണ് ‘കോം’ സമൂഹം. ദുർബലമായ ആഭ്യന്തര ഭരണവും ന്യൂനപക്ഷ ഗോത്രങ്ങൾക്കിടയിലുള്ള ഒരു സമൂഹമെന്ന നിലയിലും തങ്ങൾ സുരക്ഷിതരല്ല. എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാം.
ചുറ്റുമുള്ള ശക്തരായ വിഭാഗങ്ങളോട് പോരാടാൻ ‘കോം’ സമുദായത്തിന് കഴിയില്ലെന്നും മേരി കോം പറയുന്നു . “കോം ഗ്രാമങ്ങളിലേക്കുള്ള ‘കുക്കി’, ‘മെയ്തേയ്’ നുഴഞ്ഞുകയറ്റം തടയാൻ സുരക്ഷാ സേനയുടെ സഹായം ആവശ്യമാണ്. സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ സൈന്യത്തിലെയും അർദ്ധസൈനിക വിഭാഗങ്ങളിലെയും സംസ്ഥാന പൊലീസിലെ അംഗങ്ങളോടും ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്നതിൽ നിഷ്പക്ഷത പുലർത്തണമെന്നും അഭ്യർത്ഥിക്കുന്നു”- മുൻ രാജ്യസഭാംഗം കത്തിൽ പറയുന്നു.