ഗൂഗിളിന് 133.76 കോടി രൂപയുടെ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ
ന്യൂഡല്‍ഹി: ഗൂഗിളിന് 133.76 കോടി രൂപയുടെ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ.
ആന്‍ഡ്രോയ്ഡ് മൊബൈലുകളെ വാണിജ്യ താത്പര്യം മുന്‍നിര്‍ത്തി ചൂഷണം ചെയ്തതിനാണ് വന്‍ പിഴ ചുമത്തിയിരിക്കുന്നത്. മറ്റ് സമാന ആപ്പുകളുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയതായും കണ്ടെത്തി. ന്യായമല്ലാത്ത വിപണന രീതികള്‍ പാടില്ലെന്നും കോംപറ്റീഷന്‍ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.
ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിന്‍ ഉപയോഗിക്കാന്‍ ഒരു സാമ്ബത്തിക ഓഫറുകളും സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് നല്‍കരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡ് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം മൊബൈല്‍ ആപ്പിക്കേഷന്‍ ഡിസ്ട്രിബ്യൂഷന്‍ എഗ്രിമെന്റ് (എംഎഡിഎ) പോലുള്ള കരാറുകളിലൂടെ ഗൂളിള്‍ അവരുടെ ആപ്പുകളും നിര്‍മാണ വേളയില്‍തന്നെ ഫോണുകളില്‍ ഉള്‍പ്പെടുത്താറുണ്ട്. സെര്‍ച്ച് ആപ്പ്, വിഡ്‌ജെറ്റ്, ക്രോം ബ്രൗസര്‍ എന്നിവയെല്ലാം ഇങ്ങനെ ആന്‍ഡ്രോയിഡ് ഫോണില്‍ പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യുന്നു. ഇതിലൂടെ എതിരാളികളെക്കാള്‍ മത്സരാധിഷ്ഠിത നേട്ടം ഗൂഗിള്‍ സ്വന്തമാക്കിയതായും കോംപിറ്റീഷന്‍ കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
അതിനാല്‍, ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള അന്യായമായ ബിസിനസ് രീതികള്‍ അവസാനിപ്പിക്കണമെന്നും ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ സമയബന്ധിതമായി മാറ്റംവരുത്തണമെന്നും കോംപിറ്റീഷന്‍ കമ്മീഷന്‍ ഗൂഗിളിനോട് നിര്‍ദേശിച്ചു.