ദളിത് കുടുംബങ്ങള്‍ക്ക് വിതരണം കുടിവെള്ള ടാങ്കില്‍ വന്‍ തോതില്‍ മനുഷ്യ വിസര്‍ജ്യം കലര്‍ത്തിയതായി പരാതി

single-img
29 December 2022

ചെന്നൈ: തമിഴ്‍നാട്ടിലെ പുതുക്കോട്ടെ ജില്ലയിലെ ഇരയൂര്‍ ഗ്രാമത്തില്‍ നൂറോളം ദളിത് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്ന 10,000 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന കുടിവെള്ള ടാങ്കില്‍ വന്‍ തോതില്‍ മനുഷ്യ വിസര്‍ജ്യം കലര്‍ത്തിയതായി പരാതി.

പരാതിയെ തുടര്‍ന്ന് പുതുക്കോട്ട കളക്ടര്‍ കവിത രാമുവും ജില്ലാ പോലീസ് മേധാവി വന്ദിതാ പാണ്ഡേയും കഴിഞ്ഞ ദിവസം ഇരയൂര്‍ ഗ്രാമം സന്ദര്‍ശിച്ചു. ഗ്രാമത്തിലെ കുട്ടികള്‍ക്കടക്കും രോഗം വന്നതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നതാകാം പ്രശ്നമെന്ന് ഡോക്ടര്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഗ്രാമത്തിലെ യുവാക്കള്‍ ടാങ്കില്‍ കയറി പരിശോധിച്ചപ്പോഴാണ്, ടാങ്കില്‍ വന്‍ തോതില്‍ മനുഷ്യ വിസര്‍ജ്യം കലര്‍ത്തിയതായി കണ്ടെത്തിയത്.

“വാട്ടര്‍ ടാങ്കിനുള്ളില്‍ വന്‍തോതില്‍ മലമൂത്ര വിസര്‍ജ്ജനം കണ്ടെത്തി. അത്രയും വെള്ളം മഞ്ഞനിറമായി. അതറിയാതെ ഒരാഴ്ചയോളം ആളുകള്‍ ഈ വെള്ളം കുടിക്കുകയായിരുന്നു. കുട്ടികള്‍ക്ക് അസുഖം വന്നപ്പോഴാണ് സത്യം. പുറത്തു വന്നത്..,” പ്രദേശത്തെ രാഷ്ട്രീയ പ്രവര്‍ത്തകനായ മോക്ഷ ഗുണവലഗന്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ആരാണ് ഇത് ചെയ്തതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ വാട്ടര്‍ ടാങ്കിന് ചുറ്റുമുള്ള വേലി തുറന്ന നിലയിലായിരുന്നു. യുവാക്കള്‍ ടാങ്കില്‍ കയറി നോക്കിയപ്പോള്‍ അടപ്പ് തുറന്നിരിക്കുന്നതായി കണ്ടെത്തി. ആരും കയറി ജലസംഭരണിയിലേക്ക് മാലിന്യം തള്ളിയതായി ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കളക്ടര്‍ കവിത രാമു.

പ്രദേശത്ത് ജാതി വിവേചനം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്ന് തലമുറകളായി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ദളിതരെ പ്രവേശിപ്പിക്കാറില്ല. ഗ്രാമത്തിലെ ചായക്കടയില്‍ ഇപ്പോഴുംപട്ടിക ജാതിക്കാര്‍ക്കായി വ്യത്യസ്തമായ ഗ്ലാസ്സുകള്‍ പോലുമുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. കളക്ടറും ജില്ലാ പൊലീസ് മേധാവിയും നേരിട്ടെത്തി ചായക്കടയില്‍ പരിശോധന നടത്തി ഉടമയ്‌ക്കെതിരെ കേസെടുത്തു. തുടര്‍ന്ന് ഇരുവരും പട്ടികജാതി സമൂഹത്തെ മുഴുവന്‍ ഗ്രാമത്തിലെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി, തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് ഇവരെ കടക്കുന്നത് തടഞ്ഞവരെ തിരിച്ചറിയാന്‍ ആവശ്യപ്പെട്ടു. ഈ സമയം ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനാ ചടങ്ങ് നടക്കുകയായിരുന്നു. ചടങ്ങില്‍ നിന്നും പുറത്തിറങ്ങിയ ഒരു ഉയര്‍ന്ന ജാതിയിലുള്ള സ്ത്രീ, താഴ്ന്ന ജാതിക്കാരെ ആഗ്രഹിക്കാത്ത ദേവതയാണ് പ്രതിഷ്ഠയെന്ന് പറഞ്ഞു. ഇവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.