കാമുകിയെ 150 ലേറെതവണ പീഡിപ്പിച്ചതായി പരാതി; കണ്ണൂർ സ്വദേശിക്കെതിരായ കേസ് സുപ്രീംകോടതി സവിശേഷാധികാരം ഉപയോഗിച്ച് റദ്ദാക്കി
കണ്ണൂർ സ്വദേശിയായ യുവാവിനെതിരെ മുൻകാമുകി നൽകിയ പീഡനക്കേസ് സുപ്രീംകോടതി സവിശേഷാധികാരം ഉപയോഗിച്ച് റദ്ദാക്കി. യുവാവ് യുവതിയെ 150 ലേറെ തവണ പീഡിപ്പിച്ചെന്ന കേസാണ് റദ്ദാക്കിയത്.
നിലവിൽ മറ്റൊരു വിവാഹം കഴിച്ച യുവതി പരാതിയിൽ തുടരാൻ താല്പര്യം ഇല്ലെന്ന് അറിയിച്ചതോടെയാണ് കേസ് കോടതി റദ്ദാക്കിയത് . ചെങ്കൽപ്പേട്ട് സെഷൻസ് കോടതിയിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് സുപ്രീം കോടതി കേസ് റദ്ദാക്കിയത് .
ചെന്നൈയിലെ വിദ്യാഭ്യാസ കാലത്ത് കാമുകനായിരുന്ന കണ്ണൂർ സ്വദേശിയായ യുവാവ് 150ലേറെ തവണ പീഡിപ്പിച്ചുവെന്നതായിരുന്നു പരാതി. 2006 – 2010 കാലത്ത് എഞ്ചിനീയറിംഗ് പഠിക്കുമ്പോൾ ഇരുവരും പ്രണയത്തിലായിരുന്നു. പഠനം പൂർത്തിയായ ശേഷം ബെംഗളുരുവിൽ ജോലി ലഭിച്ചപ്പോഴും ഇരുവരും പ്രണയം തുടർന്നു. പക്ഷെ വൈകാതെ വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറി.
ഇതിനെ തുടർന്ന് യുവതി തമിഴ്നാട് പൊലീസിൽ പീഡന പരാതി നൽകുകയായിരുന്നു. ഈ പരാതിയിൽ കേസെടുത്തതോടെ യുവതിയെ വിവാഹം ചെയ്യാമെന്ന് എഴുതി നൽകിയെങ്കിലും യുവാവും കുടുംബവും ഈ ഉറപ്പിൽ നിന്ന് പിന്മാറി. ഇതോടെ കേസിൽ തുടരാൻ യുവതി തീരുമാനിച്ചു. കേസിനിടെ യുവാവ് ജോലി സംബന്ധമായി ദുബായിലേക്ക് പോയി.
പിന്നാലെ പോലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച് ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് യുവതി മദ്രാസ് ഹൈക്കോടതിയെ അറിയിച്ചെങ്കിലും കേസ് റദ്ദാക്കാൻ കോടതി തയ്യാറായില്ല. കേസിന്റെ സ്വഭാവം പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി. തുടർന്ന് യുവാവ് കോടതിയെ സമീപിക്കുകയായിരുന്നു.