പോക്സോ അതിജീവിതയെ പ്രോസിക്യൂട്ടര്‍ ഭീഷണിപ്പെടുത്തിയതായി പരാതി
പാലക്കാട് : പോക്സോ അതിജീവിതയെ പ്രോസിക്യൂട്ടര്‍ ഭീഷണിപ്പെടുത്തിയതായി പരാതി. പാലക്കാട് പോക്സോ കോടതിയിലെ പ്രോസിക്യൂട്ടര്‍ സുബ്രഹ്മണ്യനെതിരെ നടപടി ആവശ്യപ്പെട്ട് വനിത ശിശുക്ഷേമ സമിതിയുടെ ലീഗല്‍ കൗണ്‍സലറും അതിജീവിതയും ജില്ല ജഡ്ജിക്ക് പരാതി നല്‍കി.
2018 ല്‍ പാലക്കാട് മങ്കരയില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസ് അട്ടിമറിക്കാനാണ് പ്രോസിക്യൂട്ടര്‍ സുബ്രഹ്മണ്യന്‍ ശ്രമിച്ചതെന്നാണ് പരാതി.
കേസിലെ പ്രധാന സാക്ഷിയാണ് ഹോസ്റ്റല്‍ വാര്‍ഡന്‍. പെണ്‍കുട്ടി പീഡനത്തെക്കുറിച്ച് ആദ്യം അറിയിച്ചത് വാര്‍ഡനെയാണ്.
എന്നാല്‍ ഹോസ്റ്റല്‍ വാര്‍ഡനെ സാക്ഷിപ്പട്ടികയില്‍ നിന്ന് പ്രോസിക്യൂട്ടര്‍ ഒഴിവാക്കി. കേസില്‍ അപ്രധാനമെന്ന് ചൂണ്ടിക്കാട്ടിയായായിരുന്നു നീക്കം.
ഈ മാസം 16 ന് കല്‍പ്പാത്തി രഥോത്സവമായതിനാല്‍ കോടതി അവധിയായിരുന്നു. ഇതേ ദിവസം പെണ്‍കുട്ടിയെയും അമ്മയെയും കോടതിയിലേക്ക് വിളിച്ചു വരുത്തി പ്രോസിക്യൂട്ടര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ലീഗല്‍ കൗണ്‍സിലറുടെ പരാതിയില്‍ പറയുന്നത്. പിറ്റേ ദിവസം കോടതിയില്‍ മൊഴി നല്‍കാന്‍ തയ്യാറായി എത്തിയെങ്കിലും പെണ്‍കുട്ടിയും അമ്മയും മാനസികമായി സജ്ജമല്ലെന്നും കേസ് നീട്ടിവെക്കണമെന്നും പ്രോസിക്യൂട്ടര്‍ കോടതിയോട് ആവശ്യപ്പെട്ടു. പിന്നീട് പ്രതിയുമായി പരിചയമുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി പ്രോസിക്യൂട്ടര്‍ കേസില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
ഇതോടെ പ്രോസിക്യൂട്ടര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി കോടതിയില്‍ പൊട്ടിക്കരഞ്ഞു.കേസില്‍ നിന്ന് പിന്‍മാറാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ പിന്നെന്തിന് കേസില്‍ ഇടപെട്ടു എന്നാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ പ്രോസിക്യൂട്ടര്‍ തയ്യാറായില്ല
പ്രോസിക്യൂട്ടര്‍ സ്വയം പിന്‍മാറിയതോടെ കേസിന്‍്റെ നടത്തിപ്പ് കോടതി മറ്റൊരാളെ ഏല്‍പ്പിച്ചു. അതിജീവിതയും ലീഗല്‍ കൗണ്‍സലറും തന്നെ പരാതിയുമായെത്തിയതോടെ പ്രോസിക്യൂട്ടര്‍ സുബ്രഹ്മണ്യന്‍ സംശയത്തിന്‍്റെ നിഴലിലായിരിക്കുകയാണ്.പ്രോസിക്യൂട്ടര്‍ക്കെതിരെ കോടതിയില്‍ നിന്ന് തുടര്‍ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അതിജീവിത.