പിഎസ്‍സി പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ സ്വകാര്യ പ്രസിദ്ധീകരണങ്ങളില്‍ നിന്ന് പകര്‍ത്തിയതായി പരാതി

single-img
31 May 2023

തിരുവനന്തപുരം : പിഎസ്‍സി പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ സ്വകാര്യ പ്രസിദ്ധീകരണങ്ങളില്‍ നിന്ന് പകര്‍ത്തിയതായി പരാതി. അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ രണ്ട് ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്ന് അതേ പോലെ പകര്‍ത്തിയെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നത്. ഇതു സംബന്ധിച്ച് പരാതിയും പിഎസ്‍സിക്ക് നല്‍കി. 

ഇക്കഴിഞ്ഞ 26 നാണ് അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരീക്ഷ പിഎസ്‍സി നടത്തിയത്. നാല്‍പത് ചോദ്യങ്ങള്‍ വീതം ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ നിന്നായിരുന്നു. ഇതില്‍ മുപ്പതിലധികം ചോദ്യങ്ങള്‍ വന്നത് രണ്ട് ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്ന് അതേ പോലെ പകർത്തിയതാണെന്ന് ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെടുന്നു.

ചോദ്യങ്ങള്‍ തയ്യാറാക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങളെല്ലാം ലംഘിക്കപ്പെട്ടു. പത്തിലധികം ചോദ്യങ്ങള്‍ പരീക്ഷയുടെ ഗൗരവം ഉള്‍ക്കൊള്ളാത്ത വിധം, നിലവാരം ഇല്ലാത്തവയാണെന്നും ഉദ്യോഗാര്‍ഥികള്‍ പരാതി പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പബ്ലിക്സര്‍വീസ് കമ്മീഷന് പരാതിയും നല്‍കി. 2015 ലാണ് അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് പിഎസ്‍സി അവസാനമായി പരീക്ഷ നടത്തിയത്. എട്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നടന്ന പരീക്ഷ സുതാര്യമായില്ലെന്നാണ് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാണിക്കുന്നത്.