ഇന്ദിരാ ഗാന്ധി മുതൽ മോദി വരെ; കരുത്തരായ ഭരണകർത്താക്കൾക്ക് മുമ്പിൽ ചങ്കുറപ്പോടെ ചെങ്കൊടിയേന്തിയ സഖാവ്
ഇന്ദിരാ ഗാന്ധി മുതൽ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെയുള്ള കരുത്തരായ ഭരണകർത്താക്കൾക്ക് മുമ്പിൽ ചങ്കുറപ്പോടെ ചെങ്കൊടിയേന്തിയ സഖാവ് സീതാറാം യെച്ചൂരി വിടപറഞ്ഞു. സഖാവിന്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കിടയിലുണ്ടാക്കുന്ന ശൂന്യത ചെറുതല്ല.
ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിലെ സമരത്തിന്റെ കരുത്തെല്ലാം യെച്ചൂരിയോളം അറിഞ്ഞ മറ്റൊരു നേതാവുണ്ടോ എന്ന് സംശയമാണ്. ഇന്ദിരാ ഗാന്ധിയ്ക്ക് എതിരെ ആരംഭിച്ച പോരാട്ടം ഇന്ന് നരേന്ദ്ര മോദിയ്ക്ക് മുമ്പിൽ എത്തി നിന്നപ്പോൾ യെച്ചൂരിയുടെ സമരവീര്യം തെല്ലും ചോർന്നിരുന്നില്ല. പഠന കാലത്ത് അക്കാദമിക് മേഖലയിലേയ്ക്ക് ചുവടുറപ്പിക്കാനായിരുന്നു യെച്ചൂരിയ്ക്ക് പ്രിയം. എന്നാൽ, മകൻ എഞ്ചിനീയറാകണം എന്നായിരുന്നു അച്ഛന്. പക്ഷേ, സീതാരാമ റാവു എന്ന പേരിൽ നിന്ന് ജാതിവാൽ മുറിച്ചുമാറ്റിയ അദ്ദേഹം ഒരു നല്ല നേതാവിന്റെ പ്രഥമ ലക്ഷണങ്ങൾ കാണിച്ചു. ഇതോടെ സീതാരാമ റാവു, സീതാറാം യെച്ചൂരി എന്ന നേതാവിലേയ്ക്ക് വളരുകയായിരുന്നു.
പിന്നീട് ജെഎൻയുവിലെത്തിയതോടെ യെച്ചൂരിയിലെ സഖാവ് ഉണർന്നു. ഇക്കാലത്ത് പ്രകാശ് കാരാട്ടിനെ പരിചയപ്പെടുകയും പിന്നീട് എസ്എഫ്ഐയിൽ ചേരുകയും ചെയ്തു. പിന്നീട് മൂന്ന് തവണ ജെഎൻയു അധ്യക്ഷനായി. അടിയന്തരാവസ്ഥക്കാലത്ത് ജെഎൻയുവിലെ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ യെച്ചൂരിയ്ക്ക് ആദ്യമായി ജയിൽവാസം അനുഭവിക്കേണ്ടി വന്നു.
പിന്നീട് ഇന്ത്യ കാണുന്നത് ഇന്ദിരാ ഗാന്ധിയ്ക്ക് എതിരെ അവരുടെ സാന്നിധ്യത്തിൽ പ്രതിഷേധിക്കുന്ന യെച്ചൂരിയെയാണ്. ഇന്ദിരാ ഗാന്ധിയ്ക്ക് മുന്നിൽ പ്രതിഷേധിക്കുന്ന പഴയ ജെഎൻയു കോളേജ് യൂണിയൻ പ്രസിഡന്റിന്റെ ചിത്രം ഇന്നും ഇടത് വിദ്യാർത്ഥി സംഘടനകളെ ആവേശം കൊള്ളിക്കുന്നതാണ്.
കാലമേറെ പിന്നിട്ടപ്പോൾ നരേന്ദ്ര മോദിയും യെച്ചൂരിയുടെ സമരച്ചൂട് അറിഞ്ഞു. ഇന്ത്യയെ പിടിച്ചുലച്ച, തൊട്ടാൽ പൊള്ളുന്ന കശ്മീർ വിഷയത്തിലും സമരങ്ങളുടെ മുൻപന്തിയിൽ യെച്ചൂരി ഉണ്ടായിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്കുകളെ നിയമത്തിന്റെ പിൻബലത്തോടെ മറികടന്ന് യെച്ചൂരി കശ്മീരിലെത്തി. അന്ന് ആദ്യമായി കശ്മീരിന്റെ നേർചിത്രം പുറംലോകം അറിഞ്ഞത് യെച്ചൂരിയിലൂടെയായിരുന്നു.
പൌരത്വ ഭേദഗതി നിയമം, കോവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ, സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ദേശീയ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ പോർമുഖം തുറക്കാൻ യെച്ചൂരി മുൻപന്തിയിലുണ്ടായിരുന്നു. ഇന്ത്യ സഖ്യ രൂപീകരണത്തിലും യെച്ചൂരിയുടെ പങ്ക് നിർണായക ശക്തിയായി. ജനാധിപത്യവും മനുഷ്യാവകാശവും ഭീഷണിയാകുമ്പോൾ സന്ധിയില്ലാ സമരങ്ങൾക്ക് മുന്നിൽ നിലയുറപ്പിച്ച യെച്ചൂരിയുടെ വിയോഗം മതേതര ജനാധിപത്യ രാഷ്ട്രത്തിന് തീരാനഷ്ടമാകുമെന്ന് ഉറപ്പാണ്.