മനീഷ് സിസോദിയയുടെ സുരക്ഷയിൽ ആശങ്ക; കൊല്ലപ്പെടാനും സാധ്യതയെന്ന് ആം ആദ്മി പാർട്ടി
ദൽഹി മദ്യനയക്കേസിൽ അറസ്റ്റിലായി തീഹാർ ജയിലിൽ കഴിയുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് ആംആദ്മിപാർട്ടി. വളരെ അക്രമാസക്തരായ ക്രിമിനലുകളെ പാർപ്പിച്ചിരിക്കുന്ന തീഹാറിലെ ഒന്നാം മ്പർ ജയിലിൽ സിസോദിയയെ പാർപ്പിച്ചത് അദ്ദേഹത്തിന്റെ സുരക്ഷാ കാര്യത്തിൽ ആശങ്കയുണ്ടാക്കുന്നതാണെന്ന് എഎപി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.
ജയിലിൽ സിസോദിയയുടെ ജീവൻ അപകടത്തിലാണെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 26നാണ് മദ്യനയക്കേസിൽ മനീഷ് സിസോദിയ അറസ്റ്റിലാവുന്നത്. അക്രമത്തിനും കൊലപാതകത്തിനും സാധ്യതയുള്ള രാജ്യത്തെ ഏറ്റവും അപകടകാരികളും അക്രമാസക്തരുമായ കുറ്റവാളികളെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ ഒന്നാം നമ്പർ തടവുകാരെ പാർപ്പിക്കാറില്ല.
എന്നാൽ ഇവിടെ മനീഷ് സിസോദിയയെ വിപാസന സെല്ലിൽ തുടരാൻ കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും കോടതിയുടെ ഉത്തരവ് അവഗണിച്ച് സിസോദിയയെ കൊടും കുറ്റവാളികൾക്കൊപ്പം നിർത്തിയതെന്തിനാണെന്ന് വ്യക്തമാക്കണമെന്ന് സൗരഭ് ഭരദ്വാജ് വാർത്താസമ്മേളനത്തിൽ ചോദിച്ചു. സിപെഷ്യൽ സിബിഐ കോടതിയാണ് മാർച്ച് 10വരെ സിസോദിയയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. എഎപി എംപി സഞ്ജയ് സിങും സമാനമായ ആശങ്ക പങ്കുവെച്ചിരുന്നു.