ഈ തെരഞ്ഞെടുപ്പോടെ ചാരിത്ര്യ ശുദ്ധി തെളിയിച്ച ഇവിഎം മെഷീന് ആശംസകൾ: സന്ദീപ് വാര്യർ
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി ബിജെപി നേതാവായിരുന്ന സന്ദീപ് ജി വാര്യര്‍ രംഗത്ത്. ബിജെപി തെരഞ്ഞെടുപ്പിലെ ജനവിധിയെ വിനയത്തോടെ അംഗീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പോടെ ചാരിത്ര്യ ശുദ്ധി തെളിയിച്ച ഇവിഎം മെഷീന് ആശംസകൾ നേരുന്നു എന്നും ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍ ഫേസ്ബുക്കിൽ എഴുതി.
പരാജയം സംഭവിച്ചാൽ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനെ കുറ്റം പറയുകയോ ജനവിധിയെ നിരാകരിക്കുകയോ ചെയ്യുന്ന നിലപാട് ബിജെപിക്കില്ലെന്നും അദേഹം കൂട്ടിച്ചേർത്തു..
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം:
കർണാടകയിൽ കോൺഗ്രസ്സ് അധികാരത്തിലെത്തി. തെരഞ്ഞെടുപ്പാണ് , ജനവിധിയാണ്. ബിജെപി ജനവിധിയെ വിനയത്തോടെ അംഗീകരിക്കുന്ന പാർട്ടിയാണ്. തോൽവി സംഭവിച്ചാൽ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനെ കുറ്റം പറയുകയോ ജനവിധിയെ നിരാകരിക്കുകയോ ചെയ്യില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയ വോട്ടിങ്ങ് ശതമാനം ഏതാണ്ട് അത് പോലെ തന്നെ നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. അത് സൂചിപ്പിക്കുന്നത് കോൺഗ്രസ്സും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത് പോലെ ബിജെപിയെ കർണാടകയിലെ ജനങ്ങൾ കൈവിട്ടില്ല എന്നാണ്.
എന്നാൽ ജെഡിഎസ്, എസ്ഡിപിഐ വോട്ടുകൾ കോൺഗ്രസ്സിലേക്ക് പോയതോടെ അവരുടെ വോട്ട് വിഹിതം വർദ്ധിച്ചു. അവർക്ക് വിജയവും കിട്ടി. ഏത് തെരഞ്ഞെടുപ്പായാലും ജയത്തിന് വേണ്ടി അത്യധ്വാനം ചെയ്യുക എന്നതാണ് ബിജെപിയുടെ രീതി. ജയപരാജയങ്ങൾ ബിജെപിക്ക് പുത്തരിയല്ല. ഈ തെരഞ്ഞെടുപ്പോടെ ചാരിത്ര്യ ശുദ്ധി തെളിയിച്ച ഇവിഎം മെഷീന് ആശംസകൾ.