ദൗര്‍ഭാഗ്യകരവും അസ്വീകാര്യവും; രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിച്ചതിനെതിരെ സുപ്രീം കോടതിയിൽ കോണ്‍ഗ്രസ്
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിച്ച വിധിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ പുനപരിശോധനാ അപേക്ഷ നല്‍കും. കേസിലെ പ്രധാന പ്രതിയായ നളിനി ഉള്‍പ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ് വന്ന് 10 ദിവസത്തിന് ശേഷമാണ് കോണ്‍ഗ്രസിന്റെ നടപടി.
അതേസമയം, പ്രതികളെ വെറുതെ വിടാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ ഹർജി നല്‍കിയിരുന്നു. കോടതിയുടെ വിധി ദൗര്‍ഭാഗ്യകരവും അസ്വീകാര്യവുമാണെന്ന് കോൺഗ്രസ് നേരത്തെ പ്രതികരിച്ചിരുന്നു. സുപ്രീം കോടതിയുടെ വിധി പൂര്‍ണമായും തെറ്റാണെന്നും, തീരുമാനം അംഗീകരിക്കാനാവില്ലെന്നുമായിരുന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞിരുന്നത്.
പ്രതികളെ മോചിപ്പിക്കാൻ ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. കേസിലെ പ്രതികളായ നളിനി ശ്രീഹരന്‍, ആര്‍.പി. രവിചന്ദ്രന്‍, റോബര്‍ട്ട് പൈസ്, ശ്രീഹരന്‍, ജയകുമാര്‍, മുരുകന്‍ എന്നീ പ്രതികളെ മോചിപ്പിക്കുന്നതിനാണ് കോടതി ഉത്തരവിട്ടത്.