പലസ്തീൻ ഐക്യദാർഢ്യ റാലി പ്രഖ്യാപിച്ച് കോൺഗ്രസ്; നവംബർ 25 ന് കോഴിക്കോട്
ഇസ്രായേൽ ആക്രമണം നേരിടുന്ന പലസ്തീന് നുകൂലമായി ഐക്യദാർഢ്യ റാലി പ്രഖ്യാപിച്ച് കോൺഗ്രസ്. നവംബർ 25 ന് കോഴിക്കോട് വെച്ചാണ് റാലി. കേരളത്തിൽ മുസ്ലിം ലീഗിനും സിപിഐഎമ്മിനും പിന്നാലെയാണ് കോൺഗ്രസ് റാലി.
സിപി എം നടത്തുന്ന റാലിക്ക് മറുപടിയായാണ് കോൺഗ്രസ് റാലി സംഘടിപ്പിക്കുന്നത്. കോൺഗ്രസ് പാർട്ടി പലസ്തീനൊപ്പമല്ലെന്നും ഐക്യദാർഢ്യ റാലി നടത്തിയ ആര്യാടൻ ഷൗക്കത്തിനെതിരെ നടപടി സ്വീകരിക്കുകയാണെന്നുമുളള ആരോപണം സിപി എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഈ രീതിയിലുള്ള ആരോപണങ്ങളെ മറികടക്കാനാണ് കോൺഗ്രസിന്റെ ശ്രമം.
മുസ്ലിം ലീഗ് നേരത്തെ നടത്തിയ പോലത്തെ മഹാറാലി ലോകത്ത് ആർക്കും നടത്താൻ കഴിയില്ലെന്നും പരിപാടി നടത്താൻ ഓരോ പാർട്ടികൾക്കും ഓരോ രീതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പാണക്കാട്ട് മുസ്ലിംലീഗ് നേതാക്കളെ കണ്ട ശേഷം പ്രതികരിച്ചിരുന്നു. മാത്രമല്ല, സിപിഎം റാലിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചതും കോൺഗ്രസിന് തലവേദനയുണ്ടാക്കിയിരുന്നു.