ചായക്കടക്കാരന്റെ മകനായ മോദി പ്രധാനമന്ത്രിയായത് അംഗീകരിക്കാൻ കോണ്‍ഗ്രസിന് സാധിക്കുന്നില്ല: കെ സുരേന്ദ്രൻ


പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കേരള സന്ദര്‍ശനം ഇടതുവലത് മുന്നണികളെ അങ്കലാപ്പിലാക്കിയെന്നും ചായക്കടക്കാരന്റെ മകൻ പ്രധാനമന്ത്രിയായത് അംഗീകരിക്കാൻ ഇവർക്ക് കഴിയുന്നില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ‘നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി അംഗീകരിക്കാൻ കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല. നരേന്ദ്രമോദി പിന്നാക്ക വിഭാഗക്കാരനാണ്. ചായക്കടക്കാരന്റെ മകനായ അദ്ദേഹം പ്രധാനമന്ത്രിയായത് അംഗീകരിക്കാൻ കോണ്‍ഗ്രസിന് സാധിക്കുന്നില്ല.
പ്രധാനമന്ത്രി എത്തിയ തേക്കിൻകാട് മൈതാനിയില്‍ ചാണക വെള്ളം തളിക്കാൻ യൂത്ത് കോണ്‍ഗ്രസ് വന്നു. കോണ്‍ഗ്രിസന്റെ ഉള്ളിന്റെയുള്ളില്‍ വരേണ്യ മനോഭാവമാണുള്ളത്. രാഷ്‌ട്രപതിക്കെതിരെയും അപഹാസ്യങ്ങളുണ്ടായി. രാഹുലിന്റെ ഉള്ളിന്റെയുള്ളിലും വരേണ്യ മനോഭാവമാണെന്നും തൃശൂരില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ സുരേന്ദ്രൻ പറഞ്ഞു . ‘വടക്കുംനാഥന്റെ മൈതാനിയില്‍ പിന്നാക്ക വിഭാഗക്കാരനായ പ്രധാനമന്ത്രി വന്നത് വരേണ്യന്മാരായ കോണ്‍ഗ്രസിന് അംഗീകരിക്കാനാവില്ല. പിന്നാക്ക ജാതിക്കാര്‍ക്കും ദുര്‍ബല ജനവിഭാഗത്തിനുമെതിരെയുള്ള ഈ ദുര്‍ബല മനോഭാവം അവര്‍ അവസാനിപ്പിക്കുന്നില്ല. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുക എന്നത് പതിവാക്കി കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസും സിപിഎമ്മും. അത് വെച്ചു പൊറുപ്പിക്കാനാകില്ല.
പോലീസ് കഴിഞ്ഞ ദിവസം മാദ്ധ്യമപ്രവര്‍ത്തകരെ മഹിളാ സമ്മേളന വേദിയിലേക്ക് കടത്തിവിട്ടില്ല. എല്ലാവരെയും ഉള്ളില്‍ കയറ്റണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പരമാവധി ആളുകളെ പരിപാടിയില്‍ പങ്കെടുപ്പിക്കാതെ ഇരിക്കുന്നതിനും പോലീസ് ശ്രമിച്ചു. ആര്‍ക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്.
ചാവക്കാട് ഗുരുവായൂര്‍ മേഖലകളില്‍ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ ആയിരുന്നവരൊക്കെ ഇപ്പോള്‍ കോണ്‍ഗ്രസിലാണ്. ജനങ്ങൾക്കായി ചെയ്തതും ഇനി ചെയ്യാനിരിക്കുന്നതുമാണ് മോദിയുടെ ഗ്യാരന്റി. അതിനായാണ് ബിജെപി കേരളാ പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലുടനീളം വികസന ചര്‍ച്ചകള്‍ നടത്തും. ജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സമാഹരിക്കും’- സുരേന്ദ്രൻ പറഞ്ഞു.