പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന പരാതിയുമായി കോൺഗ്രസ്


കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന പരാതിയുമായി കോൺഗ്രസ്. അയർക്കുന്നം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മണർകാട് പള്ളി പെരുന്നാൾ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാണ് ആവശ്യപ്പെടുന്നത്. പെരുന്നാൾ ദിവസങ്ങളിലെ ജനത്തിരക്കും ഗതാഗത തിരക്കും കമ്മീഷൻ കണക്കിലെടുക്കണം. വോട്ടെണ്ണൽ തീയതിയായ സെപ്റ്റംബർ 8 നാണ് മണർകാട് പള്ളിയിൽ പ്രധാന പെരുന്നാൾ നടക്കുന്നത്. ഇത് കണക്കിലെടുക്കണമെന്നാണ് ആവശ്യം.
ഒരു മാസം മാത്രമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനിയുള്ളത്. പ്രതീക്ഷിച്ചതിലും നേരത്തെയാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. ഓണക്കാലത്തിന്റെ ആഘോഷത്തിലേക്ക് നീങ്ങിയ കേരളത്തെ ചൂടേറിയ രാഷ്ട്രീയ പോർമുഖത്തേക്ക് വഴിതിരിച്ചു വിടുന്നതായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം. ആഗസ്റ്റ് 17 നാണ് മണ്ഡലത്തിൽ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സെപ്തംബർ അഞ്ചിന് പുതുപ്പള്ളി മണ്ഡലത്തിൽ ജനകീയ വോട്ടെടുപ്പ് നടക്കും. സെപ്തംബർ എട്ടിന് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പകരക്കാരൻ ആരാണെന്ന് വ്യക്തമാകും.
അതേസമയം, കോൺഗ്രസ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചെങ്കിലും സിപിഎം സ്ഥാനാർത്ഥിയെ ഇതുവരേയും പ്രഖ്യാപിച്ചിട്ടില്ല. സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനം ശനിയാഴ്ചയുണ്ടാവുമെന്നാണ് റിപ്പോർട്ട്. കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ജെയ്ക് സി തോമസ് അടക്കം 4 പേരാണ് നിലവിൽ പരിഗണനയിലുള്ളത്. അതേസമയം, മത്സരരംഗത്ത് പൊതുസ്വതന്ത്രൻ വേണമെന്ന അഭിപ്രായവും ശക്തമാണ്. ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ പ്രചാരണം തുടങ്ങിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ. വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നതെന്ന് ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി 53 വര്‍ഷം പ്രതിനിധീകരിച്ച മണ്ഡലമാണ് പുതുപ്പള്ളി. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.